ന്യൂഡൽഹി - കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലിയുള്ള പോരുയർത്തി എ, ഐ ഗ്രൂപ്പ് നേതാക്കൾ സംയുക്തമായി ഹൈക്കമാൻഡിനെ കാണാൻ ഡൽഹിക്കു തിരിക്കാനിരിക്കെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. അതിനിടെ, ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ വേണ്ടത്ര ചർച്ചകൾ നടന്നില്ലെന്ന ആരോപണം തെറ്റാണെന്ന് താരിഖ് അൻവർ പ്രതികരിച്ചു.
പ്രശ്‌ന പരിഹാര ചർച്ചയ്ക്കായി കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി താരിഖ് അൻവർ 12ന് സംസ്ഥാനത്തെത്തും. തുടർന്ന് ഇതുസംബന്ധമായ ചർച്ചകൾ നടത്തി അഭിപ്രായസമന്വയം ഉണ്ടാക്കുമെന്നാണ് വിവരം. മൂന്നുദിവസത്തേക്കാണ് അദ്ദേഹം കേരളത്തിലേക്ക് യാത്ര ഷെഡ്യൂൾ ചെയ്തിട്ടുള്ളതെന്നാണ് അറിയുന്നത്.
ബ്ലോക്ക് പുനഃസംഘടനയെ ചൊല്ലി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും കുറ്റപത്രം സമർപ്പിക്കാൻ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി ഡൽഹിക്കു നീങ്ങാനാണ് നീക്കം. അടുത്താഴ്ച പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അടക്കം നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാനാണ് മുതിർന്ന എ-ഐ ഗ്രൂപ്പ് നേതാക്കളുടെ ഗ്രൂപ്പ് യോഗത്തിലുണ്ടായ ധാരണ.