Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ ബി.ജെ.പിയുടെ ഹെല്‍പ് ലൈന്‍, കള്ളക്കേസുകള്‍ നേരിടും

തേജസ്വി സൂര്യ

ബംഗളൂരു- കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്ന ആരോപണവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കാന്‍ ബിജെപിയുടെ കര്‍ണാടക ഘടകം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചു.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് കേസുകള്‍ നിയമപരമായി നേരിടാന്‍ സഹായിക്കാനാണ് ഈ സേവനം ആരംഭിച്ചതെന്ന് ബംഗളൂരു സൗത്ത് എംപിയും  യുവമോര്‍ച്ച പ്രസിഡന്റുമായ തേജസ്വി സൂര്യ  പറഞ്ഞു.

18003091907 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെയാണ് ആരംഭിച്ചതെന്ന് സൂര്യ പറഞ്ഞു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ ഭരണം ഏറ്റെടുത്തത് മുതല്‍ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന്   ബിജെപി എം.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ കര്‍ശനമായ നിയമപോലീസ് നടപടി നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചയായി കര്‍ണാടകയിലെ മുതിര്‍ന്ന മന്ത്രിമാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്ന് സൂര്യ ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിനും മുഖ്യമന്ത്രിയുടെ കാരിക്കേച്ചര്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതിന്  പ്രവര്‍ത്തകര്‍ പോലീസ് ക്രൂരത നേരിട്ട രണ്ട് സംഭവങ്ങളുണ്ടായതായി അദ്ദേഹം പറഞ്ഞു. കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ ആര്‍എസ്എസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വിവിധ സാംസ്‌കാരിക സംഘടനകളെ  നേരിടാന്‍ പ്രത്യേക ദൗത്യസേന (എസ്ടിഎഫ്) രൂപീകരിക്കുമെന്നാണ് പറയുന്നത്.
കര്‍ണാടക ആഭ്യന്തരമന്ത്രി നേരിട്ട് പോപ്പുലര്‍ ഫ്രണ്ടില്‍നിന്ന് ഉത്തരവുകള്‍ സ്വീകരിച്ചാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ  ഭീകരവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ്  സര്‍ക്കാര്‍ ശരിയായ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം ശരിയായ രീതിയില്‍ നടത്തുകയോ ചെയ്തില്ല. ഇത്തരം മായം കലര്‍ത്തിയ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചതിനാലാണ് കോടതി  കുറ്റവാളികളെ വെറുതെ വിടുന്നതെന്നു അദ്ദേഹം അവകാശപ്പെട്ടു.

 

Latest News