ലോക കേരള സഭയുടെ അമേരിക്കൻ മേഖല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും പരിവാരങ്ങളും ന്യൂയോർക്കിലെത്തിയിരിക്കുകയാണ്. ധനമന്ത്രി കെ.എൻ. ബാലഗോപാലും സ്പീക്കർ എ.എൻ ഷംസീറും ഉദ്യോഗസ്ഥ വൃന്ദവുമെല്ലാം മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ലോക കേരള സഭയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടും അതിനെ ഗൗനിക്കാനോ അല്ലെങ്കിൽ യുക്തിസഹമായ മറുപടി പറയാനോ നിൽക്കാതെയാണ് മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിലെത്തിയത്. ഈയവസരത്തിൽ നിരവധി ചോദ്യങ്ങളാണ് ലോക കേരള സഭയെക്കുറിച്ച് ഉയരുന്നത്. ആർക്ക് വേണ്ടിയാണ് ഇത്തരത്തിൽ ധൂർത്തിന്റെ സമ്മേളനം തുടർച്ചയായി നടത്തുന്നതെന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികളെ ആദരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹാരം ഉണ്ടാക്കുന്നതിനും കേരളത്തിന്റെ വികസനത്തിലും നിക്ഷേപ സാധ്യതകളിലും അവരെ പങ്കാളിയാക്കുന്നതിനും വേണ്ടിയുള്ള പൊതുവേദി എന്ന നിലയിലാണ് ഒന്നാം പിണറായി സർക്കാർ ലോക കേരള സഭക്ക് തുടക്കം കുറിച്ചത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ അവരുടെ സ്വന്തം നാട് ആദരിക്കുന്നതും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതുമെല്ലാം ഏറ്റവും മികച്ച കാര്യമാണ്. അതിലാർക്കും എതിർപ്പുണ്ടാകുമെന്ന് തോന്നുന്നില്ല. പിറന്ന നാടിന്റെ പരിഗണന അവർ തീർച്ചയായും അർഹിക്കുന്നതും ആഗ്രഹിക്കുന്നതുമാണ്. എന്നാൽ കോടികൾ പൊടിച്ച് ധൂർത്തിന്റെ ആഘോഷമായി ലോക കേരള സഭ നടത്തിയിട്ട് സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് ഇക്കാലമത്രയും എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളത്. അവർ നേരിടുന്ന കാതലായ പ്രശ്‌നങ്ങൾക്ക് ഇതിലൂടെ എന്തെങ്കിലും പരിഹാരങ്ങൾ ഉണ്ടായിട്ടില്ല. വിദേശ രാജ്യങ്ങളിൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി അതാത് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നയതന്ത്ര ഇടപെടലുകൾ നടത്തിയതായി അറിയില്ല. സമ്മേളനത്തിലൂടെ കേരളത്തിൽ പ്രവാസികളുടെ കാര്യമായ നിക്ഷേപങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പണക്കാരായ കുറെ പ്രവാസികൾക്ക് അവരുടെ പണത്തിന്റെ പത്രാസ് കാണിക്കാനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെല്ലാം ഫ്രീയായി വിദേശ നാടുകളിൽ സർക്കീട്ട് നടത്താനുമുള്ള ഒരു ഉപാധി.
അതിലപ്പുറം വലിയ പ്രസക്തിയൊന്നും ലോക കേരള സഭക്ക് ഇല്ല.ഒന്നാം പിണറായി സർക്കാർ രൂപം നൽകിയ ലോക കേരള സഭ കേരളത്തിൽ വെച്ച് നടത്തുന്ന രീതിയിലാണ് ആദ്യം വിഭാവനം ചെയ്തത്. ഒന്നാം ലോക കേരള സഭ കേരള നിയമസഭയിൽ വളരെ ഭംഗിയായിത്തന്നെയാണ് നടന്നത്. പ്രതിപക്ഷം അടക്കം ആരും അതിനെ എതിർത്തില്ല. പ്രവാസികൾക്ക് ആദരവും പ്രോത്സാഹനവും നൽകിക്കൊണ്ട് അവർക്ക് വേണ്ടി ഒരു പൊതുവേദി രൂപപ്പെടുത്തുന്നതിനെ മഹത്തായ കാര്യമായിത്തന്നെയാണ് എല്ലാവരും കണ്ടത്.
രാഷ്ട്രീയമായി ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ഒന്നാം ലോക കേരള സഭക്ക് വലിയ പ്രാധാന്യവും പിന്തുണയും ലഭിച്ചു. എന്നാൽ രണ്ടും മൂന്നും കേരള സഭയിലേക്ക് എത്തിയപ്പോഴാണ് ഇതിന്റെ പൊള്ളത്തരങ്ങൾ പ്രാവസികൾ തന്നെ തിരിച്ചറിയാൻ തുടങ്ങിയത്. കുറെ പാഴ്‌വാക്കുകൾക്കും പുകഴ്ത്തലുകൾക്കുമപ്പുറം ക്രിയാത്മകമായി ഒന്നും നടക്കുന്നില്ലെന്ന് ലോക കേരള സഭയെ ആവശേത്തോടെ നോക്കിക്കണ്ടവരിൽ ഭൂരിഭാഗത്തിനും ബോധ്യമായി. പ്രഖ്യാപനങ്ങൾ പലതും നടത്തി പിരിയുമെന്നല്ലാതെ ഒന്നും നടക്കാത്ത സ്ഥിതി വന്നു.
ചിലരുടെ താൽപര്യങ്ങൾക്കനുസരിച്ച് പണം ധൂർത്തടിക്കാനുള്ള വേദിയായി മാത്രം സമ്മേളനത്തെ മാറ്റിയെന്ന ഗൗരവത്തോടെയുള്ള വിമർശനം പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കം ഉയർന്നു. ഇക്കാര്യങ്ങൾ പറഞ്ഞ് രണ്ടാമത്തെയും മൂന്നാമത്തെയും ലോക കേരള സഭ പ്രതിപക്ഷം ബഹിഷ്‌കരിക്കുകയും ചെയ്തു.
മൂന്നാമത് നടന്ന ലോക കേരള സഭയിലാണ് വിദേശത്തും സഭയുടെ മേഖല സമ്മേളനങ്ങൾ നടത്തണമെന്ന കാര്യം തീരുമാനിച്ചത്. അതോടെ സഭയുടെ നടത്തിപ്പ് രീതിയിൽ തന്നെ വലിയ വ്യത്യാസങ്ങൾ വന്നു. ധൂർത്ത് അതിര് കവിഞ്ഞു. മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും സർക്കാർ ചെലവിൽ കുറച്ച് ദിവസം വിദേശത്ത് സർക്കീട്ട് നടത്തുന്നതിനുള്ള ടൂർ പാക്കേജായി ഇത് മാറി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലണ്ടനിലാണ് ലോക കേരള സഭയുടെ വിദേശത്തെ ആദ്യ സമ്മേളനം നടന്നത്. രണ്ടാമത്തെ വിദേശ സമ്മേളനമാണ് ഇപ്പോൾ ന്യൂയോർക്കിൽ നടക്കുന്നത്.
ഇത്രയും കാലം നടന്ന സമ്മേളനങ്ങളുടെ പോഗ്രസ് റിപ്പോർട്ട് പരിശോധിച്ചാൽ എത്രത്തോളം നിരർത്ഥകമാണ് ഈ സമ്മേളനങ്ങളെന്ന് മനസ്സിലാക്കാൻ കഴിയും. ഒന്നാം കേരള സഭയിൽ വന്ന നിർദേശങ്ങളിൽ കേവലം പത്ത് എണ്ണം മാത്രമാണ് നടപ്പാക്കാനായതെന്ന് സംസ്ഥാന സർക്കാർ തന്നെ പറയുന്നു. രണ്ടാം സഭയിൽ നടപ്പാക്കാൻ തീരുമാനിച്ച 138 കാര്യങ്ങളിൽ 58 എണ്ണത്തിൽ നടപടികൾ എടുത്തിട്ടുണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം. മൂന്നാം ലോക കേരള സഭ അംഗീകരിച്ച 67 നിർദേശങ്ങളിൽ ഒന്നു പോലും നടപ്പായില്ല. സർക്കാർ ഖജനാവിൽ നിന്നാണ് സഭക്ക് വേണ്ടി പണം അനുവദിക്കുന്നത്. സർക്കാർ സാമ്പത്തിക തകർച്ചയുടെ നെല്ലിപ്പടി കണ്ടിട്ടും ലോക കേരള സഭയുടെ ധൂർത്തിന് കുറവില്ല. ഖജനാവ് കാലിയാക്കുന്നതിനുള്ള ഒരു സംവിധാനം മാത്രമായി ലോക കേരള സഭ മാറി.
ഇത്തവണ ന്യൂയോർക്കിൽ നടക്കുന്ന സഭയുടെ മേഖല സമ്മേളനം തുടക്കം മുതൽ തന്നെ ആരോപണങ്ങളുടെ കുത്തൊഴുക്കിൽ പെട്ടുപോയിരുന്നു. സ്‌പോൺസർമാർ വഴി ചെലവിനുള്ള പണം കണ്ടെത്താൻ സംഘാടകർ നടത്തിയ നീക്കങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. ന്യൂയോർക്കിലെ ആഡംബര ഹോട്ടലിൽ നടക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തിന് അഞ്ചരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി സ്‌പോൺസർമാരെ കണ്ടെത്താൻ നടത്തിയ നീക്കങ്ങളാണ് ഏറെ വിചിത്രം. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും ഏറ്റവും വലിയ നാണക്കോടാണ് ഇത് വരുത്തിവെച്ചത്. സ്‌പോൺസർഷിപ്പായി 50,000 ഡോളറും ഒരു ലക്ഷം ഡോളറുമൊക്കെ മുടക്കാൻ തയാറുള്ളവർക്ക് മുഖ്യമന്ത്രിക്കൊപ്പം ഡിന്നർ കഴിക്കാനും വേദിയിൽ കയറാനും അവസരമുണ്ടാകുമെന്നാണ് സംഘാടകർ പരസ്യം നൽകിയത്. ഇതിലും വലിയ നാണക്കേട് ഒരു കമ്യൂണിസ്റ്റ് സർക്കാരിലെ മുഖ്യമന്ത്രിക്ക് ഉണ്ടാകാനുണ്ടോ? പട്ടിണിയെ കൂസാതെ മുണ്ട് മുറുക്കിയുടുത്തും പാർട്ടിക്ക് വേണ്ടി ആവേശം ചോരാതെ മുദ്രാവാക്യം വിളിക്കുന്നവരുടെ പടത്തലവനാണ് ന്യൂയോർക്കിൽ പോയി തന്നോടൊപ്പം ഭക്ഷണം കഴിക്കാൻ പ്രവാസികളിൽ നിന്ന് പണം വാങ്ങുന്നത്. ഉത്സവപ്പറമ്പുകളിലെ മാജിക് കൂടാരത്തിലേക്ക് ടിക്കറ്റ് വെച്ച് ആളെ കയറ്റിവിടുന്ന രീതിയിലുള്ള പരിപാടിയായിപ്പോയി ഇത്. ഇത്തരമൊരു പരിപാടിയിൽ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പങ്കെടുക്കാൻ പാടില്ലായിരുന്നു.
ഇതെല്ലാം കാട്ടിക്കൂട്ടുന്നത് പ്രവാസികളുടെ പേരിലാണെന്നതാണ് ഏറ്റവും വലിയ സങ്കടം. ഗൾഫ് നാടുകളിലും മറ്റുമുള്ള ലക്ഷക്കണക്കിന് പ്രവാസി മലയാളികൾ കുടുംബം പോറ്റാൻ രാവും പകലും വിയർപ്പൊഴുക്കുകയാണ്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് മലയാളികളാണ് ജോലിയും കച്ചവടവുമെല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നത്. നാട്ടിലെത്തി ജീവിത മാർഗങ്ങളൊന്നും കാണാതെ ഇനിയെന്ത് എന്ന സങ്കടങ്ങൾക്കും ആകുലതകൾക്കും മുന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ന്യൂയോർക്കിൽ പോയി പ്രവാസികളെ പണം വാങ്ങി തന്നോടൊപ്പം അത്താഴം കഴിക്കാൻ ക്ഷണിക്കുന്നത്. നാണം കെടുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ. അല്ലെങ്കിലും ആകെ മുങ്ങിയാൽ പിന്നെ കുളിരില്ലല്ലോ.






