പുല്‍പള്ളി ബാങ്ക് വായ്പ തട്ടിപ്പ്:  ഇ.ഡി നടത്തിയതു സമഗ്ര പരിശോധന

പുല്‍പള്ളി-സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയതു സമഗ്ര പരിശോധന. വായ്പ തട്ടിപ്പില്‍ ആരോപണ വിധേയരായ പ്രമുഖരുടെ സ്വത്ത് വിവരമാണ് ഇ.ഡി പ്രധാനമായും പരിശോധിച്ചത്.
ബാങ്ക് മുന്‍ പ്രസിഡന്റും രാജിവെച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.കെ.അബ്രഹാമിന്റെ ചുണ്ടക്കൊല്ലിയിലെ വീട്, ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി.രമാദേവിയുടെ മീനങ്ങാടിയിലെ വീട്, ബാങ്കില്‍ വായ്പ വിഭാഗം മേധാവിയായിരുന്ന പി.യു.തോമസിന്റെ കോഴിക്കോട് ജില്ലയിലെ താമസസ്ഥലം, വായ്പ തട്ടിപ്പ് ആസൂത്രകനെന്ന് പോലീസ് കരുതുന്ന കരാറുകാരന്‍ സജീവന്‍ കൊല്ലപ്പള്ളിയുടെ കേളക്കവലയിലെ വീട് എന്നിവിടങ്ങളിലും ബാങ്കിലുമായിരുന്നു പരിശോധന. ഇ.ഡിയുടെ കൊച്ചി-കോഴിക്കോട് യൂനിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്. വെള്ളിയാഴ്ച രാവിലെ 11 ഓടെ ആരംഭിച്ച പരിശോധന രാത്രിയാണ്  അവസാനിച്ചത്. പരിശോധിച്ച ഇടങ്ങളില്‍ ഉണ്ടായിരുന്ന ആധാരങ്ങള്‍, ബാങ്ക് ഇടപാട് രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവയുടെ പകര്‍പ്പ് ഇ.ഡി ശേഖരിച്ചു.
ബാങ്ക് സെക്രട്ടറിയുടെ വീട്ടില്‍ കൊച്ചി യൂനിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍  എസ്.ജി.കവിത്കറുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് പരിശോധന നടത്തിയത്. ഇതില്‍ രണ്ടു പേര്‍ ബാങ്ക് ഉദ്യോഗസ്ഥരാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കു  പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവസരം കൊടുക്കാതെയായിരുന്നു പരിശോധന. സെക്രട്ടറിയുടെ ഭര്‍ത്താവാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. വായ്പ ഇടപാടുമായി ബന്ധപ്പെട്ട് പുല്‍പള്ളിയിലെ ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളുടെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സെക്രട്ടറി റിമാന്‍ഡിലാണ്.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ ഇ.ഡി രണ്ടുമാസം മുമ്പ് ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. പരിശോധനാവിവരം ഇ.ഡി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല.

Latest News