Sorry, you need to enable JavaScript to visit this website.

അല്‍- അസ്ഹര്‍ ലോ കോളേജില്‍ വിദ്യാര്‍ഥി സംഘര്‍ഷം; മൂന്നു എസ് .എഫ് .ഐക്കാര്‍ റിമാന്റില്‍

തൊടുപുഴ- പെരുമ്പിള്ളിച്ചിറ അല്‍- അസ്ഹര്‍ ലോ കോളേജില്‍ കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം വര്‍ഷം ബി.എ എല്‍.എല്‍.ബി വിദ്യാര്‍ഥികളായ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും ഏരിയാ സെക്രട്ടറിയുമായ മുതലക്കോടം അണ്ണാടിക്കണ്ണം ചാലില്‍ ജോയല്‍ (24),  യൂനിറ്റ് ജോയിന്റ് സെക്രട്ടറി കാസര്‍കോട് പാണത്തൂര്‍ ചാമുണ്ഡിക്കരയില്‍ ഗവ. സ്‌കൂളിന് സമീപം പുലിപ്രംകുന്നേല്‍ അശ്വന്ത് പത്മന്‍ (22), രണ്ടാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ പെരുമ്പിള്ളിച്ചിറ പുതുച്ചിറ കളപ്പുരയ്ക്കല്‍ തന്‍വീര്‍ ജബ്ബാര്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിനുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകരായ ഫവാസ്, എബി മുണ്ടയ്ക്കല്‍, മെല്‍ബിന്‍, ഷാനു എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു കാമ്പസിനുള്ളില്‍ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ പരുക്കേറ്റ ഏതാനും കെ.എസ്.യു പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. അടുത്തിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ നിതിന്‍ ലൂക്കോസ് കോളേജ് തുറന്ന ദിവസം നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് രാജേന്ദ്രന്‍ കുത്തേറ്റു മരിച്ച കേസില്‍ പ്രതിയായ നിതിന്‍ ലൂക്കോസിനെ കോളജില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ ഇരു കൂട്ടരും തമ്മില്‍ കോളജില്‍ ക്ലാസ് തുടങ്ങിയ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. അന്ന് ഏറ്റുമുട്ടിയ ഇരുവിഭാഗം വിദ്യാര്‍ത്ഥികളും ഇതേച്ചൊല്ലി വ്യാഴാഴ്ച ഉച്ചയോടെ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കെ.എസ്.യു പ്രവര്‍ത്തകര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇന്നലെ പുലര്‍ച്ചെ 2.30ന് താമസ സ്ഥലത്തു നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് സംഘടിച്ചെത്തിയ അമ്പതോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തൊടുപുഴ പോലീസ് സ്റ്റേഷന് മുന്നില്‍ ഉപരോധ സമരം നടത്തി. ഇതിന്റെ പേരിലും മൂന്നു പേര്‍ക്കെതിരെ കേസെടുത്തതായി ഡിവൈ.എസ്.പി എം ആര്‍ മധുബാബു പറഞ്ഞു. സംഘര്‍ഷത്തിനിടെ പരുക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഇന്നലെ കോളജില്‍ പഠിപ്പു മുടക്കി സമരം നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.

 

Latest News