Sorry, you need to enable JavaScript to visit this website.

മലബാറിലെ വികസന പ്രതിസന്ധി; സർക്കാരിന് വംശീയ മുൻവിധിയെന്ന് ജമാഅത്തെ ഇസ്‍ലാമി

സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് നൽകിയ സ്വീകരണ പരിപാടിയിൽ ജമാഅത്തെ ഇസ്‍ലാമി അമീർ പി.മുജീബ് റഹ് മാൻ സംസാരിക്കുന്നു.
  • ജമാഅത്തെ ഇസ്‍ലാമി പുതിയ സംസ്ഥാന നേതൃത്വത്തിന്  സ്വീകരണം

മലപ്പുറം- മലബാറിലെ വികസന പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവം മലബാറിനോടുള്ള വംശീയ മുൻവിധിയാണെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ്‌ റഹ്‍മാൻ. ജമാഅത്തെ ഇസ്‍ലാമിയുടെ പുതിയ സംസ്ഥാന നേതൃത്വത്തിന് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
രണ്ടു പതിറ്റാണ്ടിലധികമായി കേരളത്തിലെ പൊതുസമൂഹവും വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിക്കുന്ന വിഷയമാണ് വിദ്യാഭ്യാസ മേഖലയിലടക്കമുള്ള ഈ അസന്തുലിതാവസ്ഥ. ഇത് എല്ലാവർക്കും ബോധ്യമുള്ള കാര്യവുമാണ്. ഇപ്പോൾ ഹയർസെക്കൻഡറി പ്രവേശനം നടന്നു കൊണ്ടിരിക്കുകയാണ്. അതിനാൽ പ്ലസ്ടു സീറ്റുകളുടെ അപര്യാപ്തത ചർച്ചയിലെത്തിയിരിക്കുകയാണ്. ഈ ചർച്ച തണുപ്പിക്കാൻ അതത് വർഷങ്ങളിൽ പരിമിതമായ അധിക സീറ്റുകൾ അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. 
ഹയർ സെക്കൻഡറി പ്രവേശനത്തിലെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ നിയോഗിക്കപ്പെട്ട വി.കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. മലബാറിൽ പുതിയ സ്ഥിരം ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുക, വിദ്യാർഥികളുടെ എണ്ണം 50ൽ പരിമിതപ്പെടുത്തുക തുടങ്ങിയ മലബാറിലെ പ്രതിസന്ധിക്ക് പരിഹാരമായേക്കാവുന്ന ശിപാർശകളിൻമേൽ ഇതുവരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. 
അധ്യയന വർഷാരംഭത്തിന് മുമ്പേ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിറ്റിക്ക് സർക്കാർ നിർദേശം നൽകിയത് ജനങ്ങളെ കബളിപ്പിക്കാൻ മാത്രമാണെന്ന് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലബാർ മേഖലയോടുള്ള വിവേചനം തുടരുന്നതിലൂടെ തികഞ്ഞ വംശീയ മുൻവിധികൾ നിലനിർത്തി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണ് ഇടതുപക്ഷം നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറം ടൗൺ ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി ഷുഹൈബ്  അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി.മുജീബ്‌ റഹ്‍മാൻ, ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ്, അസിസ്റ്റന്റ് അമീറുമാരായ വി.ടി അബ്ദുല്ലക്കോയ തങ്ങൾ, എം.കെ മുഹമ്മദലി തുടങ്ങിയവർ സ്വീകരണം ഏറ്റുവാങ്ങി. 
ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി റഹ്മാബി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, ജമാഅത്തെ ഇസ്‍ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.

Latest News