ന്യൂദൽഹി- ഇരുപത് വർഷത്തിനിടെ വ്യത്യസ്ത മാട്രിമോണിയൽ വെബ്സൈറ്റുകളിലൂടെ 50 സ്ത്രീകളെ വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ 55 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ജംഷഡ്പൂർ സ്വദേശിയായ തപേഷിനെയാണ് വ്യാഴാഴ്ച ഒഡീഷയിൽ നിന്ന്് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. 1992ൽ കൊൽക്കത്തയിൽ വച്ചാണ് പ്രതി ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ രണ്ട് പെൺമക്കളുണ്ട്. ഭാര്യയെയും പെൺമക്കളെയും ഉപേക്ഷിച്ച് 2000-ൽ ഇയാൾ ഇവിടെനിന്നും അപ്രത്യക്ഷനായി. ഇയാൾക്ക് എതിരെ അടുത്തിടെ ഗുരുഗ്രാമിൽ ഒരു സ്ത്രീ കേസ് ഫയൽ ചെയ്തതായി പോലീസ് പറഞ്ഞു. വിവാഹ ആപ്പ് വഴി കണ്ടുമുട്ടിയ തന്നെ ഇയാൾ വിവാഹം ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പ്രതി യുവതിയെ കബളിപ്പിച്ച് ആഭരണങ്ങൾ ഉൾപ്പെടെ 20 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങി.
നേരത്തെ ഇയാൾ ബംഗളൂരുവിൽ 'സ്മാർട്ട് ഹയർ സൊല്യൂഷൻ' എന്ന പേരിൽ തൊഴിൽ നിയമന ഏജൻസി നടത്തിയിരുന്നു. ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് യുവാക്കളെയും യുവതികളെയും കബളിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഈ തട്ടിപ്പ് അധികനാൾ നീണ്ടുനിൽക്കാതെ വന്നപ്പോൾ ഷാദി ആപ്പ് വഴി വിവാഹമോചിതരും വിധവകളും വിവാഹിതരുമായ സ്ത്രീകളുമായി ഡേറ്റിംഗ് ആരംഭിച്ചു. മധ്യവയസ്‌കരായ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും അവരെ വഞ്ചിക്കുകയുമായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ പ്രതി ഇതുവരെ 50 ലധികം സ്ത്രീകളെ വിവാഹം കഴിച്ച് കബളിപ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.