പെരിന്തല്‍മണ്ണ - ഇരുതല മൂരിയെ കച്ചവടം ചെയ്യാന്‍ ശ്രമിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ള ഏഴംഗ സംഘം മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ പോലീസ് പിടിയിലായി. പറവൂര്‍ വടക്കും പുറം സ്വദേശി കള്ളംപറമ്പില്‍ പ്രഷോബ്(36),തിരുപ്പൂര്‍ സ്വദേശികളായ രാമു(42),ഈശ്വരന്‍(52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീന്‍(40),പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ്(44), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പനക്കുന്നില്‍ ഹംസ(53),കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാന്‍കുഞ്ഞ് (50) എന്നിവരേയാണ് പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയിലെടുത്തത്.പിടിയിലായ മുഹമ്മദ് അഷറഫ് വളാഞ്ചേരിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്. പ്രഷോബ്, നിസാമുദ്ദീന്‍ എന്നിവരാണ് തമിഴ്‌നാട്ടിലെ രാമു, ഈശ്വരന്‍ എന്നിവര്‍ മുഖേന നാലര ലക്ഷം രൂപ കൊടുത്ത് ആന്ധ്രയില്‍ നിന്ന് ഇരുതലമൂരി പാമ്പിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് മറ്റുള്ളവര്‍ മുഖേന ആറുകോടിയോളം രൂപയ്ക്ക് വിലപറഞ്ഞുറപ്പിച്ച ശേഷമാണ് വില്‍പ്പനയ്ക്കായി പെരിന്തല്‍മണ്ണയിലെത്തിയത്. കച്ചവടത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച പോലീസ് സംഘം പ്രതികളേയും പാമ്പിനേയും പിടികൂടുകയായിരുന്നു. പാമ്പിനെ കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.






