മക്കയുടെ പ്രവേശന കവാടങ്ങളില്‍ അഞ്ച് പാര്‍ക്കിംഗുകള്‍ സജ്ജീകരിച്ചു

മക്ക -  മക്കയിലും പുണ്യസ്ഥലങ്ങളിലും ഹജ് തീര്‍ഥാടകരുടെ കാറുകള്‍ നിര്‍ത്തിയിടുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളിലുള്ള അഞ്ചു പാര്‍ക്കിംഗുകള്‍ സജ്ജീകരിക്കുന്ന ജോലികള്‍ മക്ക നഗരസഭ പൂര്‍ത്തിയാക്കി. സീസണുകളില്‍ നഗരത്തിനകത്തെ തിരക്ക് കുറക്കാന്‍ സഹായിക്കുന്നതിലുള്ള പ്രാധാന്യം കണക്കിലെടുത്ത് ഈ പാര്‍ക്കിംഗുകള്‍ക്ക് മക്ക നഗരസഭ വലിയ ശ്രദ്ധയാണ് നല്‍കുന്നത്. പാര്‍ക്കിംഗുകള്‍ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി സജ്ജീകരിക്കാനും തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനും മക്ക നഗരസഭ ഏതാനും സാങ്കേതിക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സമുച്ചയങ്ങള്‍, തീര്‍ഥാടകര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ടോയ്‌ലെറ്റുകള്‍ എന്നീ സൗകര്യങ്ങളും പാര്‍ക്കിംഗുകളില്‍ ഒരുക്കിയിട്ടുണ്ട്. ടാറിംഗ് ജോലികള്‍, തെരുവുവിളക്കുകള്‍, നമ്പറിടല്‍, വൃക്ഷവല്‍ക്കരണം അടക്കമുള്ള ജോലികളും പാര്‍ക്കിംഗുകളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകെ 18.8 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള അഞ്ചു പാര്‍ക്കിംഗുകളിലും കൂടി അര ലക്ഷം കാറുകള്‍ നിര്‍ത്തിയിടാന്‍ സാധിക്കുമെന്ന് മക്ക നഗരസഭ പറഞ്ഞു.

 

Latest News