മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന് ജീവപര്യന്തം

തൃശൂര്‍ - അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നല്‍കിയ ശേഷം മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ വയോധികന് ജീവപര്യന്തം ശിക്ഷ. പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. ഇതേ പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരിയെ പീഡിപ്പിച്ച കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയവെയാണ് പ്രതി അജിതനെ വീണ്ടും കോടതി ശിക്ഷിച്ചത്. 2017-ലാണ് സംഭവം നടന്നത്. പതിനഞ്ച് വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ വീടിന്റെ സമീപത്തുള്ള ശുചിമുറിയില്‍ വച്ച് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നല്‍കി മയക്കിയതിന് ശേഷമായിരുന്നു ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. കുറ്റകൃത്യം പ്രതി വീണ്ടും ആവര്‍ത്തിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ മരണാന്തര ചടങ്ങിനിടെയായിരുന്നു ഇയാള്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുന്ദംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. 

 

 

Latest News