ദ്വിദിന ജി. എസ്. ടി ദേശീയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി

കൊച്ചി- ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറിയതോടെ നികുതി ദായകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നും തുടര്‍ന്നും നികുതി നല്‍കുന്നവര്‍ വര്‍ധിക്കുമെന്നും കേന്ദ്ര ജി. എസ്. ടി കമ്മിഷണര്‍ മനീഷ്‌കുമാര്‍ പറഞ്ഞു. ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ജി. എസ്. ടി ആന്റ് ഇന്‍ഡയറക്ട് ടാക്സസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ജി. എസ്. ടി ദേശീയ സമ്മേളനം കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജി. എസ്. ടി നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. നികുതി ദായകരിലേക്ക് കൂടുതല്‍ എത്തിച്ചേരുന്നതിനുള്ള പുതിയപദ്ധതിക്ക് ജി. എസ്. ടി വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. തിരക്കുകള്‍ക്കിടയില്‍ നികുതി നല്‍കാന്‍ മറന്ന് പോകുന്നവര്‍ ഏറെയുണ്ട്. നികുതി ദായകരുടെ പരാതികളും തര്‍ക്കങ്ങളും  കുറച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. ഇതിനായി നോട്ടിസ് നല്‍കാതെ തന്നെ പരിഹാരം കാണുന്ന പദ്ധതിയായ 'കണ്‍സള്‍ട്ടേഷന്‍' പദ്ധതിക്കു പരീക്ഷണാര്‍ഥം തുടക്കം കുറിച്ചിരിക്കുന്നത്. ആഗോളതലത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് നികുതി സമാഹരണത്തില്‍ കൂടുതല്‍ സാങ്കേതികതയും സര്‍ഗ ശേഷിയും ഉപയോഗിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

ഐ. സി. എ. ഐ. എറണാകുളം ബ്രാഞ്ച് ചെയര്‍പേഴ്സണ്‍  ദീപ വര്‍ഗീസ് സ്വാഗതം പറഞ്ഞു. സൗത്ത് ഇന്ത്യന്‍ കൗണ്‍സില്‍ അംഗം സതീശന്‍ പി പ്രസംഗിച്ചു. എറണാകുളം ശാഖ കമ്മിറ്റി അംഗങ്ങളായ ജോബി ജോര്‍ജ്, ടോണി വര്‍ഗീസ്, രൂപേഷ് രാജഗോപാല്‍, ജോസ് കെ. വി, സുരേഷ് ജി എന്നിവര്‍ സന്നിഹിതരായിരുന്നു.  

വിവിധ സെഷനുകളില്‍ വി. ശങ്കര നാരായണന്‍ ചെന്നൈ, വേണുഗോപാല്‍ ഗെല്ല ബെംഗളൂരു, എ. ജതിന്‍ ക്രിസ്റ്റഫര്‍ ബെംഗളൂരു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഐ. സി. എ. ഐ എറണാകുളം ബ്രാഞ്ച് സെക്രട്ടറി ആനന്ദ് എ. എസ് നന്ദി പറഞ്ഞു. 

സമ്മേളനത്തില്‍ ശനിയാഴ്ച വി. രഘുരാമന്‍ ബംഗളുരു, അവിനാശ് പോഡാര്‍ സൂറത്ത്, സുശീല്‍ കുമാര്‍ ഗോയല്‍ കൊല്‍ക്കത്ത എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത് ഐ. സി. എ. ഐ. എറണാകുളം ബ്രാഞ്ചാണ്.

Latest News