ന്യൂഡൽഹി - രാജ്യത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) മുന്നറിയിപ്പ് നൽകി. ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്‌ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എ എന്നീ അഞ്ചു രോഗങ്ങൾക്കാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിഭാഗം ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്.
സാൽമണെല്ല ബാക്ടീരിയയാണ് ടൈഫോയ്ഡ് പരത്തുന്നത്. എന്ററിക് ഫീവർ എന്നും ടൈഫോയ്ഡ് അറിയപ്പെടുന്നു. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഈ ബാക്ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. ഉയർന്ന ഡിഗ്രി പനി, കുളിര്, തലവേദന, വയർവേദന, മലബന്ധം, അതിസാരം എന്നിവയാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങൾ.
രാജ്യത്ത് കാലവർഷ സമയത്ത് പിടിപെടുന്ന രോഗമാണ് മലേറിയ. പ്ലാസ്‌മോഡിയം പാരസൈറ്റ് മൂലം വരുന്ന ഈ രോഗം കൊതുക് കടിയിലൂടെയാണ് പകരുന്നത്. പനി, കുളിര്, തലവേദന, ഛർദ്ദി, ഓക്കാനം, അതിസാരം, വയർവേദന, പേശിവേദന, ക്ഷീണം, സന്ധിവേദന, ചുമ, വേഗത്തിലുള്ള ശ്വാസോച്ഛാസം എന്നിവയാണ് മലേറിയയുടെ രോഗലക്ഷണങ്ങൾ.
ഈഡിസ് വർഗത്തിലുള്ള കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനിയും ശ്രദ്ധിച്ചില്ലെങ്കിൽ അപകടകാരിയാണെന്ന് എൻ.സി.ഡി.സിചൂണ്ടിക്കാട്ടി. മൂക്കിൽ നിന്നും മോണകളിൽനിന്നും രക്തസ്രാവം, രക്തം ഛർദ്ദിക്കൽ, വയർവേദന, ഛർദ്ദി, മലത്തിൽ രക്തം, ക്ഷീണം എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.
കരൾ സ്തംഭനത്തിലേക്ക് വരെ നയിക്കാവുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലം വരുന്ന കരൾ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. മലിനമായ വെള്ളമോ ഭക്ഷണമോ വഴിയാണ് ഇത് പകരുന്നത്. വയർ, സന്ധികൾ, പേശികൾ എന്നിവിടങ്ങളിൽ വേദന, അതിസാരം, ഓക്കാനം, ഛർദ്ദി, പനി, വിശപ്പില്ലായ്മ, കടുത്ത നിറത്തിലെ മൂത്രം, ചൊറിച്ചിൽ, ഭാരനഷ്ടം, കണ്ണുകൾക്കും ചർമത്തിനും മഞ്ഞ നിറം വരൽ എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്. ഹെപ്പറ്റൈറ്റിസ് എ പ്രതിരോധിക്കുന്നതിന് കുത്തിവയ്പ്പുകൾ ലഭ്യമാണ്.
മൈറ്റ് ലാർവേ എന്ന ഒരു തരം ചെള്ളുകളാണ് പരത്തുന്ന രോഗമാണ് സ്‌ക്രബ് ടൈഫസ്. ഒറിയൻഷ്യ സുസുഗമൂഷി എന്ന ബാക്ടീരിയ മൂലം പിടിപെടുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി, തലവേദന, ശരീരവേദന, ചർമത്തിൽ തിണർപ്പ് എന്നിവയാണെന്നും എൻ.സി.ഡി.സി വ്യക്തമാക്കി.
ഈ രോഗങ്ങൾ സംബന്ധിച്ച് 209 മുന്നറിയിപ്പുകൾ ഈ മാസം നല്കിയെന്നും 90 ഇടങ്ങളിൽ പ്രദേശിക പകർച്ചവ്യാധികളായി ഈ രോഗങ്ങൾ മാറിയെന്നും എൻ.സി.ഡി.സി ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളോടും രോഗങ്ങൾ പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസഥർ പറഞ്ഞു.