പതിമൂന്നുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍  പ്രചരിപ്പിച്ച ഗായകന്‍ അറസ്റ്റില്‍ 

ഗുഡ്ഗാവ്-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത ഗായകന്‍ പോലീസ് പിടിയില്‍. ഭോജ്പൂരി ഗായകനായ അഭിഷേക് (21) ആണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശിയായ അഭിഷേക് 13കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു.
ബാബുല്‍ ബിഹാരി എന്ന ഭോജ്പൂരി ഗായകനായി അറിയപ്പെടുന്ന അഭിഷേകിന് യൂട്യൂബ് ചാനലില്‍ 27000ത്തോളം ഫോളോവേഴ്സുണ്ട്. ഗുഡ്ഗാവില്‍ രാജീവ് നഗര്‍ മേഖലയിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി അഭിഷേക് താമസിച്ചുവരുന്നത്. പെണ്‍കുട്ടിയുമായി പരിചയപ്പെട്ടശേഷം ഒരു ഹോട്ടല്‍ മുറിയിലേക്ക് അഭിഷേക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ബലാല്‍സംഗം ചെയ്തശേഷം ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവശേഷം ഇയാളുമായി പെണ്‍കുട്ടി അടുപ്പം കാട്ടാതെയായി. ഭയന്നുപോയ കുട്ടി വീട്ടുകാരോടും ഇക്കാര്യം പറഞ്ഞില്ല. വൈകാതെ അഭിഷേക് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇത് കുട്ടിയുടെ വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. കുട്ടിയെ മാതാപിതാക്കള്‍ ചോദ്യംചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ബുധനാഴ്ച കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴിയെടുത്ത ശേഷം അഭിഷേകിനെതിരെ പോക്സോ, ഐടി നിയമപ്രകാരമുള്ള കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു.

Latest News