Sorry, you need to enable JavaScript to visit this website.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരന്തരം പീഡിപ്പിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയില്‍

തൊടുപുഴ- ഹോം നഴ്സിംഗ് ജോലി തേടിയെത്തിയ യുവതിയെ മറ്റൊരു ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് നിരന്തരമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ അറക്കുളം കൂവപ്പള്ളി കുന്നപറമ്പില്‍ അനില്‍ പ്രഭയെയാണ് (36) ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബോറമ്പാലം എന്ന ഉള്‍ഗ്രാമത്തില്‍ നിന്ന് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഇയാള്‍ ബോറമ്പാലത്തെ ഒരു യു.പി സ്‌കൂളില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ നാലിനാണ് കുമളി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ പട്ടികജാതി യുവതി ഡി.ജി.പി.ക്ക് പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് തൊടുപുഴ പോലീസിന് കൈമാറുകയായിരുന്നു. പ്രതിയും സുഹൃത്തും ചേര്‍ന്ന് തൊടുപുഴയില്‍ സ്വകാര്യ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിയിരുന്നു.
സമൂഹ മാദ്ധ്യമങ്ങള്‍ വഴിയാണ് സ്ഥാപനത്തിന്റെ പ്രചാരണം നടത്തിയിരുന്നത്. ഹോം നഴ്സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി സ്ഥാപനവുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് ജോലി ശരിയായിട്ടുണ്ടെന്ന് അറിയിച്ച് യുവതിയെ തൊടുപുഴയിലേക്ക് വിളിച്ചുവരുത്തി. 2022 മേയ് 28ന് തൊടുപുഴയില്‍ പരാതിക്കാരിയെത്തി. തുടര്‍ന്ന് ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പ് നല്‍കിയ പ്രതി യുവതി താമസിച്ച നഗരത്തിലെ ലോഡ്ജില്‍ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷമാണ് വിവാഹവാഗ്ദാനം നല്‍കിയത്. താന്‍ വിവാഹ മോചിതനാണെന്നും കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കാമെന്നും പറഞ്ഞാണ് യുവതിയെ വിശ്വസിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15വരെ ഇത് തുടര്‍ന്നെന്നും പോലീസ് പറഞ്ഞു. പിന്നീട് പ്രതി യുവതിയെ കബളിപ്പിച്ച് ജോലിക്കായി തെലുങ്കാനയിലെ സെക്കന്ത്രാബാദിലേക്ക് പോയി. ഇതോടെയാണ് യുവതി പരാതി നല്‍കിയത്.
നേരത്തെ പ്രതി തന്റെ രണ്ടാം ഭാര്യയുമായുള്ള വിവാഹമോചനക്കേസ് നടക്കുമ്പോള്‍ ഇവരുടെ കുഞ്ഞിനെ തട്ടിയെടുത്ത് ആന്ധ്രാപ്രദേശിലേക്ക് കടന്നിരുന്നു. അന്ന് ഭാര്യ നല്‍കിയ പരാതിയിന്മേല്‍ തൊടുപുഴ പോലീസ് നിരവധി തവണ വിളിച്ചിട്ടും ഇയാള്‍ ഹാജരായില്ല. ഒടുവില്‍ കുട്ടിയെ കൂവപ്പള്ളിയിലെ ഇയാളുടെ അമ്മയെ ഏല്‍പ്പിച്ച് തിരികെപ്പോയി. ശേഷമാണ് പീഡന പരാതിയുണ്ടാകുന്നത്.
പരാതിയിലെ വിവരങ്ങളിലൂടെ പ്രതിയെ മനസിലായ പോലീസ് നിരന്തരമായി ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പ്രതിയെ പിടികൂടാനായി ഈ മാസം രണ്ടിന് പോലീസ് സംഘം സെക്കന്ത്രാബാദിലെത്തി. ലോക്കല്‍ പൊലീസിന്റെയും മലയാളി സമാജത്തിന്റെയും സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെ പ്രതി ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബോറംമ്പാലം എന്ന സ്ഥലത്തേക്ക് കടന്നുകളഞ്ഞു. ഇവിടെയെത്തി ഒരു സ്‌കൂളില്‍ അദ്ധ്യാപക ജോലി തരപ്പെടുത്തി. സ്‌കൂള്‍ അധികൃതര്‍ ഏര്‍പ്പാടാക്കിയ വീട്ടില്‍ താമസവും തുടങ്ങി.പ്രതിക്ക് പിന്നാലെ ബോറമ്പാലത്തെത്തിയ പോലീസ് സംഘം ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. പിടിയിലാകുമ്പോഴും ഒപ്പം ഒരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച കസ്റ്റഡിലെടുത്ത പ്രതിയെ ഇന്നലെ ഉച്ചകഴിഞ്ഞ് തൊടുപുഴയില്‍ എത്തിച്ചു. പരാതിക്കാരിയെ എത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
 

Latest News