സുപ്രിം കോടതി വിധി വന്നിട്ടും അധികാരത്തര്‍ക്കം ബാക്കി; ദല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് ഉദ്യോഗസ്ഥര്‍ തള്ളി

ന്യൂദല്‍ഹി- ദല്‍ഹി സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങള്‍ക്കും ലഫ്റ്റനന്റ് ഗവര്‍ണറുടെ അന്തിമ അനുമതി വേണ്ടതില്ലെന്ന സുപ്രീം കോടതി വിധി വന്നതിനു ശേഷവും ദല്‍ഹിയിലെ എ.എ.പി സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അധികാരത്തര്‍ക്കം അവസാനിക്കുന്നില്ല. ഇന്നലെ വിധി വന്നതിനു ശേഷം സര്‍ക്കാര്‍ ആദ്യമായി ഇറക്കിയ ഉത്തരവ് ലഫ്. ഗവര്‍ണറുടെ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി സര്‍വീസസ് വകുപ്പ് തള്ളി. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള അധികാരം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനാണെന്ന ഉത്തരവ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇറക്കിയത്. എന്നാല്‍ സുപ്രധാന വകുപ്പുകളിലൊന്നായ സര്‍വീസസ് വകുപ്പ് ലഫ്. ഗര്‍ണറുടെ അധികാരപരിധിയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് വകുപ്പ് സെക്രട്ടറി ഫയല്‍ ഒപ്പിടാതെ തള്ളിയത്.

ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള അധികാരം സര്‍ക്കാര്‍ തിരിച്ചുപിടിച്ചുകൊണ്ടുള്ള ഉത്തരവ് തള്ളിയതോടെ സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഉപമുഖ്യമന്ത്രി സിസോദിയയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കാണിച്ചാണ് കഴിഞ്ഞ ദിവസം വൈകുന്നേരം തന്നെ സര്‍വീസസ് വകുപ്പ് ഫയല്‍ തിരിച്ചയച്ചത്. ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലംമാറ്റാനുമുള്ള അധികാരം ലഫ്. ഗവര്‍ണര്‍ക്കു നല്‍കിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2015-ലെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഉത്തരവ് സര്‍വീസസ് വകുപ്പ് സെക്രട്ടറി തള്ളിയത്.

സര്‍വീസസ് വകുപ്പ് സര്‍ക്കാര്‍ ഉത്തരവുകള്‍ സ്വീകരിക്കുകയില്ലെന്ന് ചീഫ് സെക്രട്ടറി പറയുന്നു. സര്‍ക്കാര്‍ ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കാതെ ഫയലുകള്‍ ലഫ്. ഗവര്‍ണര്‍ക്ക് അയച്ചു കൊടുക്കുന്നത് കോടതിലക്ഷ്യമാണത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടുമെന്നും സിസോദിയ പറഞ്ഞു.

ഭൂമി, പോലീസ്, ക്രമസമാധാനം എന്നിവയ്ക്കു പുറമെ മറ്റൊരു വകുപ്പിലും ലഫ്. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ചെ ഗവര്‍ണര്‍ തീരുമാനമെടുക്കാവൂ എന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സര്‍വീസസ് വകുപ്പിനു മേല്‍ ലഫ. ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ഈ വകുപ്പ് വളരെ വ്യക്തമായി പറയുന്നുണ്ടെന്ന് എഎപി ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി ദല്‍ഹി സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കത്തിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു സര്‍വീസസ് വകുപ്പിനു മേലുള്ള അധികാരം. സര്‍ക്കാരിനോട് കൂടിയാലോചിക്കാതെ ലഫ്. ഗവര്‍ണര്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുകയും സ്ഥലം മാറ്റുകയും ചെയ്തത് ദല്‍ഹിയില്‍ കടുത്ത പ്രതിസന്ധിക്കിടയാക്കിയിരുന്നു. എഎപി സര്‍ക്കാരിന്റെ കുടത്ത എതിര്‍പ്പ് അവഗണിച്ച് ശകുന്തള ഗാംലിനെ ഇടക്കാല ചീഫ് സെക്രട്ടറിയായി നിയമിച്ചതോടെയാണ് അധികാര വടംവലി പരസ്യമായത്. സര്‍ക്കാരിന്റെ എതിര്‍പ്പ് കാര്യമാക്കാതെ ലഫ്. ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതും നിയമിക്കുന്നതും തുടര്‍ന്ന് വരികയാണ്.
 

Latest News