Sorry, you need to enable JavaScript to visit this website.

'കന്യകാ' മുതലയ്ക്ക് മുട്ട വിരിഞ്ഞ് കുഞ്ഞ് പിറന്നു

കോസ്റ്റാറിക്ക- ആണ്‍ മുതലയുമായി ഇണചേരാതെ മുട്ടയിട്ട് കുഞ്ഞ് വിരിഞ്ഞ പെണ്‍മുതല കോസ്റ്റാറിക്ക മൃഗശാലയിലെ കൗതുകം. പെണ്‍മുതലയുമായി 99.9 ശതമാനം സാദൃശ്യമുള്ള കുഞ്ഞാണ് പിറന്നതെന്നത് അതിലേറെ അത്ഭുതം. എന്നാല്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല.

വിര്‍ജീനിയ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ട്, യു. എസിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ അടങ്ങുന്ന സംഘം 'കന്യക' മുതലയുടെ കാര്യത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനു കഴിവുള്ള ജീവികള്‍ ഭൂമിയിലുണ്ട്. എന്നാല്‍ മുതലകളില്‍ ഇത് കണ്ടെത്തിയിരുന്നില്ല. 

ഫാക്കല്‍റ്റേറ്റീവ് പാര്‍ത്തനോജെനസിസ് എന്നാണ് ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷികള്‍, ചില പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഉരഗങ്ങള്‍ മത്സ്യങ്ങള്‍ എന്നിവയെല്ലാം ഈ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. കോസ്റ്റാറിക്കയിലെ മൃഗശാലയില്‍ രണ്ടു വയസുള്ളപ്പോള്‍ മുതല്‍ 16 വര്‍ഷങ്ങളായി ഇണ ചേരാന്‍ അനുവദിക്കാതെ അടച്ചിട്ടിരുന്ന മുതലയാണ് 14 മുട്ടകള്‍ ഇട്ടത്. ഇതില്‍ ഒരു മുട്ടയില്‍ നിന്നാണ് പൂര്‍ണമായും വളര്‍ച്ച പ്രാപിച്ച മുതലക്കുഞ്ഞിനെ ലഭിച്ചത്. എന്നാല്‍ അതിന് ജീവനുണ്ടായിരുന്നില്ല. 

ഇണ ചേരാതെയാണ് മുതലപ്പെണ്ണിന് കുഞ്ഞ് പിറന്നതെന്ന് ഡി. എന്‍. എ പരിശോധനയില്‍ വ്യക്തമായി. ബയോളജി ലെറ്റേഴ്‌സ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജനിതകമായി കൈമാറ്റം ചെയ്യപ്പെട്ടതായിരിക്കാം ഈ കഴിവെന്നാണ് ഗവേഷകരുടെ നിഗമനം. അങ്ങനെയെങ്കില്‍ ദിനോസോറുകള്‍ക്കും ഇണ ചേരാതെ കുഞ്ഞുങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് കരുതേണ്ടി വരുമെന്നും ഗവേഷകര്‍ പറയുന്നു. വംശനാശം നേരിടുന്ന അമെരിക്കന്‍ മുതല ഇനത്തില്‍പ്പെട്ട പെണ്‍മുതലയാണ് ഈ സംഭവങ്ങളിലെ കേന്ദ്രബിന്ദു. ഗവേഷകരുടെ കാഴ്ചപ്പാടുകള്‍ പ്രകാരം  വംശനാശം നേരിടുന്ന ജീവികളില്‍ ഇത്തരം പ്രതിഭാസം സാധാരണയായി കാണപ്പെടാറുണ്ടത്രെ.

Latest News