500 രൂപ നോട്ട് പിന്‍വലിക്കില്ല; 1000 തിരികെ വരുന്നില്ല: 2000ന്റെ പകുതിയും തിരികെയെത്തി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂദല്‍ഹി- പ്രചാരത്തിലുള്ള 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന പ്രചരണത്തിന് റിസര്‍വ് ബാങ്കിന്റെ മറുപടി. 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ 1000 രൂപ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കാനോ പദ്ധതിയില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇക്കാര്യത്തെ കുറിച്ച് റിസര്‍വ് ബാങ്ക് ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ച പശ്ചാത്തലത്തിലാണ് ജനങ്ങളുടെ പ്രചരണത്തെ കുറിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിശദീകരണം നല്‍കിയത്. ഊഹാപോഹങ്ങള്‍ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരിച്ചെത്തിയതായി അദ്ദേഹം അറിയിച്ചു. രണ്ടായിരം രൂപയുടെ 3.62 ലക്ഷം കോടി രൂപയാണ് പ്രചാരത്തിലുണ്ടായിരുന്നതെന്നും അതില്‍ 1.82 ലക്ഷം കോടി രൂപ തിരികെ എത്തിയതായും ഗവര്‍ണര്‍ പറഞ്ഞു. തിരിച്ചെത്തിയ 2000 രൂപ നോട്ടുകളില്‍ 85 ശതമാനവും ബാങ്ക് നിക്ഷേപങ്ങളായും ബാക്കിയുള്ളവ കൈമാറ്റത്തിനുള്ളതാണെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു.

Latest News