പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിവാഹിതനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി തോട്ടുവശത്ത് വീട്ടില്‍ ജിതിന്‍ ടി. എസിനെ (28) ആണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് ജിതിന്‍. ഇയാള്‍ക്കെതിരെ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലും എക്‌സൈസിലുമായി നിരവധി കേസുകളുണ്ട്. കഞ്ചാവ് കൈവശം വച്ചതിനാണ് എക്‌സൈസ് കേസ്. പൊതുജനശല്യമുണ്ടാക്കിയതിനും മറ്റുമാണ് പോലീസ് കേസ്.

ബൈക്കിലും കാറിലും കയറ്റി വീട്ടിലെത്തിച്ച് മാര്‍ച്ച് ഏഴു മുതല്‍ ജൂണ്‍ ഏഴു വരെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കാര്യം പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്നതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

Latest News