Sorry, you need to enable JavaScript to visit this website.

ഭാര്യ ജീവനൊടുക്കി, മകളെ വെട്ടിക്കൊന്നു, ഇപ്പോള്‍ ജയിലില്‍ ആത്മഹത്യാശ്രമം... എല്ലാറ്റിനും പിന്നില്‍ മയക്കുമരുന്ന്

മാവേലിക്കരയില്‍ ആറു വയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്റെ കഥ എല്ലാവരേയും വേദനിപ്പിക്കുന്നു. ഈ സംഭവത്തിനെല്ലാം പിന്നില്‍ ഒരേയൊരു കാരണമേയുള്ളുവെന്നും അത് മയക്കുമരുന്നാണെന്നും പറയുകയാണ് നാട്ടുകാരനും ഈ കുടുംബത്തെ നന്നായി അറിയാവുന്ന ആളുമായ അഡ്വ അരുണ്‍.

കുറിപ്പ് വായിക്കാം.

വളരെ വര്‍ഷങ്ങളായി അടുത്ത് അറിയാവുന്ന കുടുംബം ആണ്, സമ്പത്തും, വിദ്യാഭ്യാസവും, സ്വാധീനവും എല്ലാം ഉള്ള കുടുംബം..പക്ഷെ ഈ ചെറുപ്പക്കാരന്റെ മയക്കുമരുന്ന് ഉപയോഗം നാല് വര്‍ഷം കൊണ്ട് ഈ കുടുംബത്തെ തകര്‍ത്തു തരിപ്പണമാക്കി.
ആറു വയസുകാരിയായ സ്വന്തം മകളെ  ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി. രണ്ട് വര്‍ഷം മുന്‍പ് ഭാര്യ ഇവന്റെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. നാല് വര്‍ഷം മുന്‍പ് അച്ഛന്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടു. അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും, ഇപ്പോള്‍ സംശയം. അതും ആത്മഹത്യ ആവണം.
കുട്ടിക്കൊപ്പം വെട്ടേറ്റ അമ്മയെ ഇന്നലെ ആശുപത്രിയില്‍ കണ്ടു. സത്യത്തില്‍ എങ്ങനെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ ആണ്, വെട്ടേറ്റതിലല്ല.. അവരുടെ നിലവിലെ ശാരീരിക സ്ഥിതി കണ്ട് തകര്‍ന്ന് പോയി..
ഒന്നേ പറയാനുള്ളൂ.. പഴയ പോലെ അല്ല.. സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ യഥേഷ്ടം എല്ലായിടവും ലഭ്യമാണ്. സ്വന്തം മക്കള്‍ അത് പെണ്ണോ ആണോ ആവട്ടെ..എവിടെ പോവുന്നു ആരൊക്കെ ആണ് സുഹൃത്തുക്കള്‍ എന്ന് നിരന്തര ശ്രദ്ധ വേണം. ഒപ്പം കുട്ടിക്ക് മാതാപിതാക്കളോട് എന്തും പറയാനുള്ള സാഹചര്യം ബോധപൂര്‍വം വീട്ടില്‍ സൃഷ്ടിക്കണം.
കൂടാതെ നിര്‍ബന്ധമായും, കുട്ടിയെ പഠനത്തിന് ഒപ്പം ഏതെങ്കിലും മറ്റൊരു വിഷയത്തില്‍ സ്‌പോര്‍ട്‌സിലോ ഡാന്‍സിലോ പാട്ടിലോ ബോഡി ബില്‍ഡിങ്ങിലോ, പക്ഷി മൃഗാദികളെ വളര്‍ത്തുന്നതിലോ അല്ലെങ്കില്‍ മിനിമം ഏതെങ്കിലും ഒരു ക്ലബിലോ  യുവജന സംഘടനയിലോ പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യം നമ്മളായി തന്നെ ബോധപൂര്‍വ്വം ഒരുക്കണം.അങ്ങനെ ഇല്ലാത്തവരാണ് ഇയാള്‍ അടക്കം മയക്കുമരുന്ന് മാഫിയയുടെ കുരുക്കില്‍ വേഗം പെടുന്നത്
അല്ലാതെ ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയി കണ്ടാല്‍, ഏത് വീട്ടിലും ഏത് നിമിഷവും ഇത് ആവര്‍ത്തിക്കും..
കാരണം സാമൂഹിക അന്തരീക്ഷം അത്ര ഭീകരമാണ്. മയക്ക് മരുന്ന് വില്‍പന ലാഭം ഉണ്ടാക്കാനുള്ള ബിസിനസ് മാത്രമല്ല അതിന് രാജ്യാന്തര ലക്ഷ്യങ്ങളുമുണ്ട്.
ശ്രദ്ധിക്കുക ശത്രു നിസാരക്കാരനല്ല

 

Latest News