Sorry, you need to enable JavaScript to visit this website.

തീയറ്റര്‍ സമരം കഴിഞ്ഞു, നാളെ വീണ്ടും സജീവമാകും

കൊച്ചി-ഫിയോക് സംഘടനയുടെ ഉടമസ്ഥതയിലുള്ള തീയറ്ററുകളില്‍ ഇന്നും സമരം തുടര്‍ന്നു. രണ്ട് ദിവസത്തെ സമരം കഴിഞ്ഞ് കേരളത്തിലെ മുഴുവന്‍ തീയറ്ററുകളും നാളെ സജീവമാകും. തീയറ്ററുകളില്‍ എല്ലാ കളക്ഷന്‍ റെക്കോഡുകളും ഭേദിച്ച 2018 എന്ന സിനിമ നല്‍കിയ ഉണര്‍വിന് പിന്നാലെയാണ് തീയറ്ററുകള്‍ നിശ്ചലമായി കിടക്കുന്നത്. അതിന് കാരണമായതും 2018 സിനിമയാണ്.
സിനിമകള്‍ റിലീസ് ചെയ്ത 90 ദിവസത്തിന് മുന്നേ ഒടിടിയില്‍ എത്തുന്നതിനെതിരെയാണ് തീയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് തിയേറ്റര്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. പുതിയ ചിത്രമായ 2018 തിരക്കിട്ട് ഒടിടി റിലീസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തിയേറ്ററുകള്‍ പണിമുടക്ക് നടത്തുന്നത്. നിലവിലത്തെ ധാരണപ്രകാരം റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ സിനിമ ഒടിടി റിലീസിന് കൊടുക്കാവൂ എന്നാണ് ഫിയോക് നിലപാട്. എന്നാല്‍ ഈ ധാരണ മുഖവിലയ്ക്ക് എടുക്കാതെ മെയ് 5ന് റിലീസ് ചെയ്ത '2018' ജൂണ്‍ ഏഴിന് ഒടിടിയിലെത്തുമെന്നാണ് അറിയിച്ചത്. അതായത് ചിത്രം പുറത്തിറങ്ങി 33 ാം ദിവസം ഒടിടി റിലീസ്. ഇതാണ് തീയേറ്ററുടമകളെ ചൊടിപ്പിച്ചത്.
ഇതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ മാസം 7, 8 തീയതികളില്‍ തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ ഫിയോക് തീരുമാനിച്ചത്. എന്നാല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും അസോസിയേഷനും സമരത്തില്‍ പങ്കെടുക്കുന്നില്ല. ഇവരുടെ തീയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം തുടരുകയാണ്. ഒ.ടി.ടിയെ തള്ളിപ്പറഞ്ഞുകൊണ്ട് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. കൂടാതെ സംസ്ഥാനത്തെ പി.വി.ആര്‍ സിനിപോളിസ് മള്‍ടിപ്ലെക്സുകളും പ്രവര്‍ത്തിക്കുന്നുണ്ട്. തീയറ്റര്‍ അടച്ചിട്ടുകൊണ്ടുള്ള സമരം ആത്യന്തികമായി സിനിമാ മേഖലക്ക് ദോഷമെ ചെയ്യൂവെന്നാണ് ഈ സംഘടനകള്‍ വിലയിരുത്തുന്നത്.
2018, സ്പൈഡര്‍മാര്‍, ട്രാന്‍സ്ഫോമേഴ്സ്, നെയ്മര്‍, എക്സ് ഫാസ്റ്റ്, ദി ഗാര്‍ഡിയന്‍ ഓഫ് ദി ഗാലക്സി, നീരജ, വീരന്‍, പാച്ചുവും അത്ഭുതവിളക്കും, വിത്തിന്‍സെക്കന്‍ഡ്സ്, സരാ ഹാത്കെ സരാ ബച്കെ, പോര്‍തൊഴില്‍, ത്രിശങ്കു, ഓബേബി, ടക്കര്‍, ബൈനറി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനം തുടരുമ്പോഴാണ് ഒരു വിഭാഗം തീയറ്ററുകള്‍ അടച്ചിട്ടിരിക്കുന്നത്. കൊള്ള എന്ന  സിനിമയാണ് നാളെ റിലീസ് ചെയ്യുന്നത്.

 

Latest News