സംവരണ അട്ടിമറി: വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം പുനഃപരിശോധിക്കും

കൊച്ചി - ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജരേഖ ചമച്ച കേസിന് പിന്നാലെ കെ വിദ്യയുടെ പി എച്ച് ഡി പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ പുനഃപരിശോധിക്കാന്‍ കാലടി സര്‍വകലാശാല തീരുമാനിച്ചു. സിന്‍ഡിക്കേറ്റിന്റെ ലീഗല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിക്കുക. വിദ്യ ഉള്‍പ്പെട്ട പി എച്ച് ഡി പ്രവേശനത്തിലെ സംവരണ അട്ടിമറി ആരോപണമുള്‍പ്പടെ ഉള്‍പ്പെടെ കമ്മിറ്റി പരിശോധിക്കും. പി എച്ച് ഡി പ്രവേശനത്തിനായി വിദ്യയെ സര്‍വകലാശാല വഴിവിട്ട് സഹായിച്ചെന്നും എസ് സി, എസ് ടി സംവരണം അട്ടിമറിച്ചാണ് പ്രവേശനം നല്‍കിയതെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. വ്യാജരേഖ സമര്‍പ്പിച്ച സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വിദ്യയുടെ പി എച്ച് ഡി പ്രവേശനം പുനഃപരിശോധിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. അതേ സമയം വ്യാജരേഖയുമായി ബന്ധപ്പെട്ട കേസില്‍ മഹാരാജാസിലെ രേഖകള്‍ പോലീസ് ശേഖരിച്ചു. ആസ്പയര്‍ സ്‌കോളര്‍ഷിപ്പില്‍ എറണാകുളം മഹാരാജാസ് കോളജില്‍ 201819 കാലയളവില്‍ ചെയ്ത പ്രൊജക്ടിന്റെ ഭാഗമായി ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് വിദ്യയുടെ വ്യാജരേഖക്ക് ആധാരമെന്നാണ് സൂചന. ഈ ലെറ്റര്‍പാഡാണ് വ്യാജരേഖയാക്കി മാറ്റിയതെന്നാണ് നിഗമനം. കോളജ് വൈസ് പ്രിന്‍സിപ്പാളായിരുന്ന വി കെ ജയമോളിന്റെ ഒപ്പും സീലുമാണ് രേഖയിലുള്ളത്. അട്ടപ്പാടിയില്‍ നിന്ന് അയച്ച വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും പോലീസ് ശേഖരിച്ചു.അതിനിടെ മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഗൂഢാലോചനയുണ്ടായെന്നും പരാതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പരാതി നല്‍കി. തെറ്റായ മാര്‍ക്ക്‌ലിസ്റ്റ് പുറത്തുവന്നതും, അതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇമെയില്‍ മുഖേനെയാണ് ആര്‍ഷോ പരാതി നല്‍കിയത്.
സംവരണ അട്ടിമറി

Latest News