ഹാജിമാരുടെ യാത്രക്ക് 18,000 ബസുകള്‍; കാല്‍ ലക്ഷം ഡ്രൈവര്‍മാര്‍

മക്ക - ജിദ്ദ, മക്ക, മദീന എന്നിവിടങ്ങള്‍ക്കിടയിലും പുണ്യസ്ഥലങ്ങളിലും ഹജ് തീര്‍ഥാടകരുടെ യാത്രക്ക് ഈ വര്‍ഷം ജനറല്‍ സിണ്ടിക്കേറ്റ് ഓഫ് കാര്‍സ് 18,000 ബസുകള്‍ സജ്ജീകരിച്ചു. ബസുകളില്‍ 25,000 ഡ്രൈവര്‍മാരെയും നിയോഗിച്ചു. ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം മദീനയിലെത്തിയ ഹാജിമാരെ മക്കയിലെത്തിക്കാനുള്ള ആദ്യ ബസ് സര്‍വീസുകള്‍ ദുല്‍ഖഅ്ദ ആറിന് ആണ് നടത്തിയതെന്ന് ജനറല്‍ സിണ്ടിക്കേറ്റ് ഓഫ് കാര്‍സ് മദീന ശാഖാ ഡയറക്ടര്‍ എന്‍ജിനീയര്‍ മാസിന്‍ ബിന്‍ മഹ്മൂദ് സര്‍വത് പറഞ്ഞു. അന്ന് 26 ബസ് സര്‍വീസുകള്‍ നടത്തി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മദീനയിലെത്തിയ തീര്‍ഥാടകരുടെ എണ്ണത്തിലെ വര്‍ധനവിന് അനുസൃതമായി ബസ് സര്‍വീസുകളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചു. ബുധനാഴ്ച 700 ബസുകളില്‍ 30,000 ഹാജിമാരെ മദീനയില്‍ നിന്ന് മക്കയിലെത്തിച്ചു. ഹജിനു മുമ്പായി മദീനയില്‍ ഏറ്റവുമധികം തീര്‍ഥാടകര്‍ എത്തുക ദുല്‍ഖഅ്ദ 25 ന് ആകും. ദുല്‍ഹജ് അഞ്ചിന് ഏറ്റവുമധികം തീര്‍ഥാടകര്‍ മദീനയില്‍ നിന്ന് ബസ് മാര്‍ഗം മക്കയിലേക്ക് യാത്ര തിരിക്കുമെന്നും എന്‍ജിനീയര്‍ മാസിന്‍ ബിന്‍ മഹ്മൂദ് സര്‍വത് പറഞ്ഞു.

 

Latest News