ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ ഉപയോക്താക്കളെ ഹൈ ഡെഫിനിഷൻ (എച്ച്.ഡി) ഫോട്ടോകൾ അയക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ. ആൻഡ്രോയിഡ്, ഐ.ഒ.എസ് ബീറ്റാ പതിപ്പുകളിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോകൾ അയക്കുമ്പോൾ മികിച്ച ക്വാളിറ്റി തെരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ്് പുതിയ ഫീച്ചറെന്ന് വാട്‌സ്ആപ്പിലെ പുതുമകൾ മുൻകൂട്ടി വായനക്കാരിലെത്തിക്കുന്ന വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. വലിയ സൈസിലുള്ള ഫോട്ടോ സെല്ക്ട് ചെയ്യുമ്പോൾ മാത്രമാണ് ഈ ഓപ്ഷൻ കാണുക. എച്ച്.ഡി ആയാലും ഫോട്ടോകളുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയക്കുക ഇപ്പോഴും സാധ്യമല്ല. ചെറിയ തോതിലുള്ള കംപ്രഷൻ ഉണ്ടാകും.
എല്ലാ ഫോട്ടോകൾക്കും സ്റ്റാൻഡേർഡ് ക്വാളിറ്റി ആയിരിക്കും ഡിഫാൾട്ട് ഓപ്ഷൻ. മികച്ച ക്വാളിറ്റി അയക്കണമെങ്കിൽ ഉപയോക്താവ് ഓരോ തവണയും എച്ച്.ഡി തെരഞ്ഞെടുക്കേണ്ടിവരും. ഉയർന്ന ക്വാളിറ്റി ഒപ്ഷനിൽ ഫോട്ടോ അയക്കുമ്പോൾ സ്വീകർത്താവിനെ അത് അറിയിക്കുന്ന തരത്തിൽ മെസേജ് ബബിളിന്റെ കൂടെ പുതിയ ടാഗ് കൂടി ചേർക്കും. ഐ.ഒ.എസ്, ആൻഡ്രോയിഡ് പതിപ്പുകളിൽ പരിമിതമായ ബീറ്റാ ഉപോയക്താക്കൾക്കായാണ് ഇപ്പോൾ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. ഈ വർഷം ജനുവരിയിലാണ് വാട്‌സ്ആപ്പ് എച്ച്.ഡി ഫോട്ടോകൾ അയക്കാവുന്ന പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നത്.