സ്വന്തം ഉറവിടങ്ങളിൽ നിന്നുള്ള എക്സ്ക്ലൂസീവ് എപ്പിസോഡ് എന്ന നിലയിൽ അൽജസീറ അറബ് സൈറ്റ് ശനിയാഴ്ച പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോർട്ട് തുടങ്ങുന്നത് ഇങ്ങനെ: 'ആളുകളെ അടിച്ചും അഗ്നിക്കിരയാക്കിയും കൊല്ലുന്നു, പീഡിപ്പിക്കപ്പെടുന്നവർ വേറെ, അവരുടെ വീടും സ്വത്തും കത്തിക്കുന്നു, അനധികൃത കുടിയേറ്റക്കാരാണെന്ന് പറഞ്ഞ് തടങ്കൽപാളയങ്ങളിലാക്കുന്നു; കാരണം അവർ മുസ്ലിംകളാണ്. 2014 ൽ അധികാരമേറ്റതു മുതൽ മുസ്ലിം ന്യൂനപക്ഷത്തോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹിന്ദു ദേശീയ പാർട്ടി ഭരിക്കുന്ന ഇന്ത്യയിലാണ് ഇത് സംഭവിക്കുന്നത്'.
അൽ ജസീറ ചാനലിന്റെ 'സീറോ ഡിസ്റ്റൻസ്' ('അൽമസാഫത്ത് സ്വിഫ്ർ') എന്ന വാരാന്ത അന്വേഷണാത്മക പരിപാടിയിലെ ഈ ആഴ്ചത്തെ എപ്പിസോഡ് ആയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യയിൽ തീവ്രഹിന്ദു ഭരണത്തിന് കീഴിൽ മുസ്ലിംകൾ പീഡിപ്പിക്കപ്പെടുന്നുവെന്ന വിഷയത്തിലുള്ള 'ഇന്ത്യ - തീക്കത്തിക്കുന്നതാര്' എന്ന നാമകരണത്തിലുള്ള പ്രത്യേക ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചത്. രാജ്യാന്തര സംഭവ വികാസങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തുള്ള അന്വേഷണാത്മകവും എക്സ്ക്ലൂസീവും ആയിട്ടുള്ള അവതരണങ്ങൾ ഉൾപ്പെടുന്ന പരിപാടിയാണ് 'സീറോ ഡിസ്റ്റൻസ്'. ഈ എപ്പിസോഡ് സംബന്ധിച്ച വിവരണമായിരുന്നു അവരുടെ സൈറ്റിൽ ശനിയാഴ്ച പ്രസിദ്ധീകരിച്ചത്.
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോഡിയെ കുറ്റക്കാരനാക്കി ബി.ബി.സി പുറത്തിറക്കിയ അന്വേഷണാത്മക സ്റ്റോറിക്ക് സമാനമായിരിക്കുകയാണ് അൽജസീറയുടെ നീക്കവും. ഇന്ത്യയിലെ മുസ്ലിംകളായ ഇരകളിൽനിന്നുള്ള ഞെട്ടിക്കുന്ന സാക്ഷ്യങ്ങൾ അവതരിപ്പിച്ചാണ് അൽജസീറയുടെ എപ്പിസോഡ്. അതോടൊപ്പം, രാജ്യത്തിന്റെ പല പ്രദേശങ്ങളിലും മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള ഒരു ഹിന്ദു സംഘടനയുടെ രഹസ്യ പദ്ധതികളും എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അതോടൊപ്പം, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1925 ൽ സ്ഥാപിതമായ 'ആർ.എസ്.എസ്' എന്ന അർധസൈനിക സംഘടനയിലേക്ക് 'സീറോ ഡിസ്റ്റൻസ്' പ്രോഗ്രാം വെളിച്ചം വീശുന്നു. മുസ്ലിംകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹിന്ദു തീവ്രവാദ ക്യാമ്പുകളെ കുറിച്ചുള്ള ആദ്യ പ്രസിദ്ധീകരണം എന്ന അവകാശവാദത്തോടെയാണ് അൽ ജസീറയുടെ പ്രചാരണം.
മുസ്ലിംകളെ കൊല്ലുന്നതിനും പീഡിപ്പിക്കുന്നതിനുമുള്ള കേസുകളിൽ ഇന്ത്യൻ പോലീസ് നീതിപൂർവം ഇടപെടുന്നില്ലെന്നും എന്നാൽ അക്രമത്തിനും ബലാത്സംഗത്തിനും വംശഹത്യക്കുമുള്ള പരസ്യ ആഹ്വാനങ്ങൾക്കെതിരെ പോലീസ് കണ്ണടക്കുകയുമാണെന്നും ഐക്യ വിദ്വേഷവിരുദ്ധ വേദിയുടെ ഒരു ഹിന്ദു പ്രവർത്തകയായ പനുജിയോത്സ്ന ലാഹിരി ഫിലിമിൽ അഭിപ്രായം രേഖപ്പെടുത്തുന്നു. നരേന്ദ്ര മോഡിയുടെ സർക്കാർ വരുന്നതിന് മുമ്പും മുസ്ലിംകൾക്ക് നേരെയുള്ള അക്രമങ്ങൾ നടന്നിരുന്നുവെന്നും എന്നാൽ ഇപ്പോൾ നടക്കുന്നത് മുസ്ലിംകളെ പീഡിപ്പിക്കുന്നവരെ തടയാൻ അധികാരികൾ ഇടപെടുന്നില്ല എന്നതുമാണെന്നും അദ്ദേഹം പറയുന്നു.
മുസ്ലിംകൾക്കെതിരായ ക്രൂരമായ അടിച്ചമർത്തലിന്റെ ഇരയെന്ന നിലയിൽ 'സീറോ ഡിസ്റ്റൻസ്' 15 വർഷമായി ദൽഹിയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അഫ്താബ് ആലം എന്നയാളുടെ മകൻ മുഹമ്മദ് സാബിറിനെയും കുടുംബത്തെയും കൊണ്ടുവരുന്നു.
പിതാവ് അഫ്താബിനെ കാറിൽ കൂടെയുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് കൊലപ്പെടുത്തി. മദ്യം കഴിക്കില്ലെന്ന് മനസ്സിലായപ്പോഴാണ് അഫ്താബ് മുസ്ലിം ആണെന്ന് മനസ്സിലാക്കിയതത്രേ. രണ്ട് വർഷം കഴിഞ്ഞിട്ടും ഈ കേസിൽ പ്രതികളെ പിടികൂടിയിട്ടില്ല. സാധാരണ കൊലക്കേസായാണ് ഇത് പരിഗണിച്ചത്.
ഹരിയാനയിൽ ഒരു 17 വയസ്സുകാരന്റെയും 2020 ഡിസംബറിൽ കത്തിച്ചു കൊന്ന രണ്ട് മുസ്ലിം യുവാക്കളുടെയും കഥകളും എപ്പിസോഡ് ഉൾക്കൊള്ളിച്ചിരിക്കുന്നു.
നിലവിലെ ഹിന്ദു ദേശീയവാദ ഗവൺമെന്റിന് കീഴിൽ, 'ഗോ സംരക്ഷകർ' എന്ന പേരിലുള്ളവരുടെ അക്രമം ഇന്ത്യയിൽ വ്യാപകമായി നടമാടുന്നുവെന്നും കഴിഞ്ഞ വർഷം 50 ലധികം ആളുകൾ ഇവരുടെ കൈയാൽ കൊല്ലപ്പെട്ടുവെന്നും അൽജസീറ ഫിലിം വിവരിക്കുന്നു. ഇവരിൽ ഭൂരിഭാഗവും മുസ്ലിംകളാണ്. ഇത്തരം കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ പോലീസ് സ്റ്റേഷനിൽ അത് പലപ്പോഴും മോഷണം അല്ലെങ്കിൽ പൊതുജീവിതം തടസ്സപ്പെടുത്തി എന്നൊക്കെയുള്ള കേസുകളായാണ് രേഖപ്പെടുത്തുന്നത്.
സർക്കാർ ഉത്തരവുകൾക്കു പൂർണ വിധേയരാണ് പോലീസെന്നും ഭരണകക്ഷിക്ക് ന്യൂനപക്ഷങ്ങളെ ഇഷ്ടമല്ലെന്നും ഊന്നിപ്പറഞ്ഞുകൊണ്ട് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെ നടത്തുന്ന പരാമർശവും ഫിലിമിലുണ്ട്.
അതേസമയം, നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നും ജുഡീഷ്യറി സ്വതന്ത്രമാണെന്നും സർക്കാർ അതിന്റെ പ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്നും ഭരണകക്ഷിയുടെ ഔദ്യോഗിക വക്താവ് സുദാൻഷു മിത്തൽ ഉറപ്പിച്ചു പറഞ്ഞു.
കാലാകാലങ്ങളിൽ മീഡിയകളിൽ മറിച്ചുള്ള റിപ്പോർട്ടുകളെ മറികടക്കും വിധം ശക്തമാണ് ഇന്ത്യയുടെ അറബ്, വിശിഷ്യാ ഗൾഫ് - രാജ്യങ്ങളുമായുള്ള ബന്ധം. അത് വർധിച്ചുവരികയുമാണ്. പ്രത്യേകിച്ച്, അറബ്, ഗൾഫ് രാജ്യങ്ങളിൽ നിർണായക സ്വാധീന ശക്തികളായ സൗദി, യു.എ.ഇ എന്നിവയുമായി അഭൂതപൂർവമായ സുഹൃദ്ബന്ധമാണ് ഇന്ത്യക്ക് ഉള്ളത്. അതിനാൽ മീഡിയകളിൽ വരാറുള്ള പതിവ് റിപ്പോർട്ടുകൾ രാജ്യങ്ങൾ തമ്മിലുള്ള ഔദ്യോഗിക ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല.






