ഇടുക്കി - വണ്ടൻമേട്ടിൽ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവാക്കി പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയതിന് പിന്നാലെ ഓൺലൈൻ ഗെയിമിന്റെ ഇരയായി സഹപാഠി കൂടി മരിച്ചനിലയിൽ. ആദ്യ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി 17-കാരന്റെ സഹപാഠിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിദ്യാർത്ഥിയും മരണരംഗങ്ങൾ ലൈവായി ഇട്ടിരുന്നതായി പോലീസ് പറഞ്ഞു. ശാസ്ത്രീയാന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നും പോലീസ് അറിയിച്ചു.
ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശമനുസരിച്ചാണ് തിങ്കളാഴ്ച വിദ്യാർത്ഥി ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനിടെയാണ് ഇന്നലെ രാത്രി ലാപ്‌ടോപ് ഓണാക്കിയശേഷം സഹപാഠിയും തൂങ്ങിമരിച്ചത്. ഇരുവരുടെയും സമപ്രായക്കാരായ 30 കുട്ടികളും ഗെയിമിന്റെ ഇരകളായതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ വിശദവും ഗൗരവവുമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.






