Sorry, you need to enable JavaScript to visit this website.

ഉത്തരകൊറിയയില്‍ ആത്മഹത്യ നിരോധിച്ച് രഹസ്യ ഉത്തരവ്

സിയോള്‍- ഉത്തരകൊറിയയില്‍ ആത്മഹത്യ നിരോധിച്ചുകൊണ്ട്  കിം ജോങ് ഉന്‍ രാജ്യത്ത് രഹസ്യ ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകള്‍. സോഷ്യലിസത്തിനെതിരായ രാജ്യദ്രോഹം എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ആത്മഹത്യക്കെതിരെ  കിം ജോങ് ഉന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളോട് ഉത്തരവിട്ടത്. ഉത്തരകൊറിയയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇക്കൊല്ലം 40 ശതമാനം  ആത്മഹത്യ വര്‍ധിച്ചതായി  ദക്ഷിണ കൊറിയന്‍ ചാര ഏജന്‍സി കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം ഉത്തര കൊറിയയില്‍ ധാരാളം ആഭ്യന്തര അസ്വസ്ഥതകളുണ്ടെന്ന് ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസിന്റെ വക്താവ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള അടിയന്തര യോഗങ്ങളില്‍  ആത്മഹത്യാ നിരോധ ഉത്തരവ് കൈമാറിയതായി റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.
ചോങ്ജിന്‍ നഗരത്തിലും ക്യോങ്‌സോങ് കൗണ്ടിയിലുമായി ഈ വര്‍ഷം  35 ആത്മഹത്യ കേസുകള്‍ രേഖപ്പെടുത്തി. അതേസമയം, ഉത്തരകൊറിയയില്‍ കഴിഞ്ഞ വര്‍ഷം പട്ടിണി മരണങ്ങള്‍ മൂന്നിരട്ടിയായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റിയാങ്ഗാങ് പ്രവിശ്യയില്‍ നടന്ന ഒരു യോഗത്തില്‍ പങ്കെടുത്തവരോട് പട്ടിണിയെക്കാള്‍ വലിയ സാമൂഹിക ആഘാതം ആത്മഹത്യക്കുണ്ടെന്നാണ് അധികൃതര്‍ വിശദീകരിച്ചത്. ജനറല്‍ സെക്രട്ടറി അംഗീകരിച്ച ആത്മഹത്യാ പ്രതിരോധ നയം ഉണ്ടായിട്ടും ഉചിതമായ പരിഹാരം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

 

Latest News