Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദല്‍ഹി സര്‍ക്കാര്‍ ഫയലുകള്‍ ഇനി ഗവര്‍ണര്‍ക്ക് അയക്കില്ല; വലിയ വിജയമെന്ന് കെജ്‌രിവാള്‍

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ലെഫ്. ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ദല്‍ഹിയിലെ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വലിയ വിജയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ലെഫ്. ഗവര്‍ണറാണ് ദല്‍ഹിയിലെ ഭരണത്തലവനെന്ന ദല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി.
ദല്‍ഹി പോലീസ്, ക്രമസമാധാനം, ഭൂമി വിനിയോഗം എന്നിവ ഒഴിച്ച് ദല്‍ഹിയിലെ ഒരു വികസന പ്രവര്‍ത്തനത്തിനും ഇനി ലെഫ്. ഗവര്‍ണറുടെ അനുവാദം ആവശ്യമില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സുപ്രീംകോടതി വിധിവന്ന പശ്ചാത്തലത്തില്‍ ഇനിമുതല്‍ സര്‍ക്കാര്‍ ഫയലുകളൊന്നും ലെഫ്. ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, വിധി  അരാജകവാദിയായ കെജ്്‌രിവാളിന് മുന്നറിയിപ്പാണെന്ന് ബി.ജെ.പി പ്രതികരിച്ചു. കൂട്ടായി പ്രവര്‍ത്തിക്കാന്‍ കെജ് രിവാള്‍  ഒരിക്കലും ശ്രമിച്ചിട്ടില്ല. ധര്‍ണകളുടെയും അരാജകത്വത്തിന്റെയും രാഷ്ട്രീയം മാത്രമാണ് അദ്ദേഹം കളിച്ചത്. ഇനിയെങ്കിലും കെജ്‌രിവാള്‍ അരാജകത്വത്തിന്റെ രാഷ്ട്രീയം വിട്ട് ഭരണനിര്‍വഹണം നടത്തണമെന്ന് ബി.ജെ.പി നേതാവ് സമ്പിത് പാത്ര പറഞ്ഞു.
കുടിവെള്ള ക്ഷാമം ഉള്‍പ്പടെ ദല്‍ഹിയിലെ സുപ്രധാന പ്രശ്‌നങ്ങളൊന്നും തന്നെ പരിഹരിക്കാന്‍ കെജ്‌രിവാള്‍ ശ്രമിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ കുറ്റപ്പെടുത്തി. ദല്‍ഹിയിലെ ജനങ്ങള്‍ കോടതി നടപടികള്‍ കൊണ്ടും ധര്‍ണകള്‍ കൊണ്ടും പ്രതിഷേധങ്ങള്‍ കൊണ്ടും പൊറുതി മുട്ടി. കെജ്‌രിവാള്‍ ഇനിയെങ്കിലും ഭരണം നടത്താന്‍ തയാറാകണമെന്ന് വിജയ് ഗോയല്‍ പറഞ്ഞു.
സുപ്രീംകോടതി വിധിയിലൂടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായെന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയുമായി ഷീല ദീക്ഷിത് പ്രതികരിച്ചത്. കോണ്‍ഗ്രസ് 15 വര്‍ഷക്കാലം ദല്‍ഹി ഭരിച്ചിട്ടും ഒരിക്കല്‍ പോലും ഇത്തരത്തിലുള്ള അധികാരത്തര്‍ക്കം ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയതു മുതല്‍ ലെഫ്. ഗവര്‍ണറായിരുന്ന നജീബ് ജംഗുമായും തുടര്‍ന്ന് വന്ന അനില്‍ ബൈജാലുമായും നിരന്തരം കലഹത്തിലായിരുന്നു.

Latest News