Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തർക്കം തീരാതെ സമസ്ത-സി.ഐ.സി, പ്രമേയം അവതരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് മുശാവറ

കോഴിക്കോട്- കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി)-സമസ്ത പ്രശ്‌നം തീർക്കാനുള്ള വഴിയിൽ വീണ്ടും കടമ്പ. സി.ഐ.സി സെനറ്റിൽ സമസ്തയ്‌ക്കെതിരെ പ്രമേയം അവതരിപ്പിച്ചത് അപലപനീയമാണെന്നും പ്രമേയം അവതരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് കോഴിക്കോട് ചേർന്ന സമസ്ത മുശാവറ യോഗം ആവശ്യപ്പെട്ടു. സെനറ്റ് യോഗത്തിൽ ഹക്കീം ഫൈസിയുടെ രാജി ചർച്ചയ്ക്ക് വച്ചതിനെതിരെയും മുശാവറ യോഗത്തിൽ വിമർശനമുണ്ടായി. അതേസമയം, സി.ഐ.സി പ്രശ്‌നത്തിൽ സമസ്ത മുന്നോട്ടുവെച്ച തീരുമാനങ്ങൾ അംഗീകരിച്ചുള്ള പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കത്തിനെ യോഗം സ്വാഗതം ചെയ്തു. 

കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചയിലൂടെ സമസ്ത സിഐസി തർക്കം പരിഹരിച്ചെന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരുന്നെങ്കിലും പ്രശ്‌നങ്ങൾ ഇനിയും ബാക്കിയാണെന്ന സൂചനയാണ് സമസ്തയുടെ പ്രസ്താവന. പ്രമേയം അവതരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന സമസ്തയുടെ ആവശ്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് സാദിഖലി തങ്ങളാണ്.

സി.ഐ.സിക്കും ഹക്കീം ഫൈസി ആദൃശേരിക്കുമെതിരെ സമസ്ത ഉന്നയിച്ചിരുന്ന ആരോപണങ്ങൾ തള്ളുന്ന മൂന്ന് പ്രമേയങ്ങളാണ് സെനറ്റ് യോഗത്തിൽ പാസാക്കിയത്. ഹക്കീം ഫൈസി ആദൃശേരിക്കെതിരെ ഉയർന്ന ആരോപണങ്ങളെ നിരാകരിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. വാഫി- വഫിയ്യ കോഴ്സുകൾ തടസ്സപെടുത്തുന്നത് അംഗീകരിക്കാൻ ആവില്ല. കോഴ്‌സുകൾ പൂർത്തിയാക്കാൻ വിദ്യാർഥികളെ അനുവദിക്കണം. വാഫി-വാഫിയ്യ കോഴ്സുകൾ തടസ്സപെടുത്തുന്ന നീക്കങ്ങളിൽ നിന്ന് സ്ഥാപനങ്ങൾ പിൻവാങ്ങണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. വാഫി-വാഫിയ്യ സിലബസുമായി ബന്ധപ്പെട്ട് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സിലബസുകളിൽ സുന്നി വിരുദ്ധ ആശയങ്ങൾ ഉണ്ടെന്ന ആരോപണം അപലനീയമാണെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.
അതേസമയം, പ്രമേയത്തിനെതിരെ സി.ഐ.സി പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. സെനറ്റിൽ പാസാക്കിയ പ്രമേയം എന്ന രൂപത്തിൽ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കി. വാഫി-വാഫിയ്യ സംവിധാനം സമസ്തയുടെ ഉപദേശ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും. സമസ്ത നിയോഗിക്കുന്ന സമിതിയുമായി എല്ലാ വാഫി സ്ഥാപനങ്ങളും സഹകരിക്കണം. ഇതിന് വിരുദ്ധമായതൊന്നും സി.ഐ.സി നിയമാവലിയിൽ ഉണ്ടാവാൻ പാടില്ലെന്നും സാദിഖലി തങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
 

Latest News