ജിദ്ദ - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും തമ്മിൽ ചർച്ച. ജിദ്ദ അൽസലാം കൊട്ടാരത്തിൽ വെച്ചാണ് യു.എസ് വിദേശ മന്ത്രിയെ കിരീടാവകാശി സ്വീകരിച്ചത്. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളും വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരി, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
സാമ്പത്തിക, സുരക്ഷാ സഹകരണം അടക്കം ഉഭയകക്ഷി പ്രശ്‌നങ്ങളിലും മേഖലാ, ആഗോള പ്രശ്‌നങ്ങളിലും സൗദി, അമേരിക്കൻ സഹകരണം വിശകലനം ചെയ്യാനാണ് ആന്റണി ബ്ലിങ്കൻ സൗദിയിലെത്തിയത്. ദ്വിദിന സൗദി സന്ദർശനത്തിനിടെ മിഡിൽ ഈസ്റ്റിൽ ഉടനീളം സുരക്ഷയും സ്ഥിരതയും വർധിപ്പിക്കൽ, പ്രാദേശിക ഏകീകരണം, സാമ്പത്തിക അവസരങ്ങൾ എന്നീ മേഖലകളിൽ പരസ്പര സഹകരണത്തെ കുറിച്ച് വിശകലനം ചെയ്യുന്ന ജി.സി.സി-അമേരിക്കൻ യോഗത്തിലും ബ്ലിങ്കൻ പങ്കെടുക്കും. ഐ.എസ് വിരുദ്ധ അന്താരാഷ്ട്ര സഖ്യത്തിന്റെ യോഗത്തിലും സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനൊപ്പം അമേരിക്കൻ വിദേശ മന്ത്രി പങ്കെടുക്കും.
ആയുധ വിൽപന, സംയുക്ത സൈനിക പരിശീലനങ്ങൾ, സർക്കാരേതര വകുപ്പുകളുടെ പക്കൽ മിസൈലുകളും ഡ്രോണുകളുടെയും വ്യാപനം ചെറുക്കൽ എന്നിവ അടക്കമുള്ള സുരക്ഷാ മേഖലകളിൽ സൗദി അറേബ്യയുമായുള്ള പങ്കാളിത്തം ശക്തമാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കൻ വിദേശ മന്ത്രാലയം പറഞ്ഞു. പ്രാദേശിക സ്ഥിരത ഉറപ്പാക്കാൻ ശ്രമിച്ച് സൗദി അറേബ്യയുമായുള്ള സഹകരണം ഉഭയകക്ഷി ബന്ധത്തിന്റെ നെടുംതൂണുകളിൽ ഒന്നാണ്. ഗൾഫ് മേഖലയുടെ സുരക്ഷയിലുള്ള പൊതുതാൽപര്യം, മേഖലയെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് വിദേശ, പ്രാദേശിക ശക്തികളെ തടയൽ എന്നിവയെ സൗദി, അമേരിക്കൻ സുരക്ഷാ പങ്കാളിത്തം അടിസ്ഥാനമാക്കുന്നതായും അമേരിക്കൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ക്യാപ്.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും ചർച്ച നടത്തുന്നു.