ദമാം-ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫ് മുഹമ്മദ് കഴിഞ്ഞ നാല് മാസമായി തന്റെ മാതാപിതാക്കളുമായി സൗദിയിൽ ഉണ്ട്. കഴിഞ്ഞ ദിവസമാണ് അലിഫ് ദമാം മലയാളം ന്യൂസ് ബ്യുറോ സന്ദർശിച്ചത്. നിറ പുഞ്ചിരിയോടെ ആരുമായും പെട്ടന്ന് സൗഹൃദം സ്ഥാപിക്കാനുള്ള ഒരു നല്ല മനസ്സിനുടമായായ അലിഫ് തന്റെ അനുഭവങ്ങൾ പങ്കിട്ടപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കൂടി തുറന്നു പറയുകയായിരുന്നു. ഈ പുണ്ണ്യ ഭൂമി സന്ദർശിക്കുകയും മാതാപിതക്കളോടോന്നിച്ചു ഉംറ നിർവ്വഹിക്കണമെന്നതായിരുന്നു ആഗ്രഹം. ഇത് പറയുമ്പോൾ അലിഫിന്റെ കണ്ണിൽ ഉണ്ടായ തിളക്കവും ആനന്ദക്കണ്ണീർ പൊഴിയുന്നതും കാണാമായിരുന്നു. തന്റെ വൈകല്യം ഒരു പോരായ്മയായി ഇത് വരെ തോന്നിയിട്ടില്ലന്നും താൻ ആഗ്രഹിച്ചതെല്ലാം സർവ്വ ശക്തന്റെ അനുഗ്രഹത്താൽ ഇത് വരെ സാധിച്ചെന്നും അലിഫ് ഉറച്ചു വിശ്വസിക്കുന്നു.
കരുനാഗപ്പള്ളി സ്വദേശി ഷാനവാസിന്റെയും സീനത്തിന്റെയും മൂന്ന് മക്കളിൽ മൂത്ത മകനായ അലിഫ് ശാസ്താംകോട്ട ദേവസ്വം കോളേജിൽ നിന്നും കോമേഴ്‌സിൽ ബിരുദം നേടി. പഠനകാലത്ത് ഉണ്ടാക്കിയ സൗഹൃദത്തിലൂടെ മാനവീകതയുടെ വ്യാപ്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അലിഫ് മുഹമ്മദ് ശ്രദ്ധേയമായത്. കൂട്ടുകാരികളായ ആര്യയും അർച്ചനയും തങ്ങളുടെ തോളിലേറ്റി അലിഫിനെ ക്ലാസ് മുറിയിലീക്ക് കൊണ്ട് പോകുന്ന വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കാണുകയും അത് വൈറൽ ആവുകയും ചെയ്തതോടെ അലിഫ് തരംഗമാവുകയായിരുന്നു.

മിമിക്രി കലാകാരനായ അലിഫ് സിനിമയിൽ മുഖം കാണിക്കണമെന്ന ആഗ്രഹം കൂടി വെച്ച് പുലർത്തുന്നുണ്ട്. കോളേജിലെ ആർട്‌സ് ഡേയിൽ വ്യത്യസ്തമായ പരിപാടികൾ നടത്തുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെതിട്ടുണ്ട്. തമാശ ഏറെ ഇഷ്ടപ്പെടുന്ന അലിഫ് അതിലൂടെ ചിരിപ്പിക്കാനും ചിന്തിപ്പികാനും കഴിയുന്ന അപൂർവ്വം വ്യത്ക്തിത്വങ്ങളിൽ ഒരാളാണെന്നാണ് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നത്. സദാ സമയവും ചിരിച്ചു കൊണ്ടിരിക്കുന്ന അലിഫിന് ചുറ്റും ആൾക്കൂട്ടങ്ങൾ നിറയുമെന്നും ഒരു സെലിബ്രിറ്റിയുടെ പരിവേഷമാണെന്നും സുഹൃത്തുക്കൾ അഭിമാനം കൊള്ളുന്നു. അലിഫിനെ കോളേജിൽ എത്തിക്കുന്നതും തിരികെ വീട്ടിലെത്തിക്കുന്നതുമായ സഹപാഠികൾ തങ്ങളുടെ കൂടി ഉത്തരവാദിത്വമായി ഏറ്റെടുക്കുകയായിരുന്നു. യാത്രകളിലും കോളേജിലും ഏതു സമയത്തും കൂട്ടുകാർ ഇരു മേയ്യല്ല ഒരു മെയ്യോടെ കൂടെയുണ്ടാവുമെന്നും സുഹൃത്തുക്കൾ ചങ്കുകൾ എന്ന് പറയുന്നതിനപ്പുറം ചങ്കിടിപ്പുകളാണെന്നാണ് അലിഫ് പറയുന്നത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അലിഫ് കൂട്ടുകാരുമൊത്തു നിരവധി യാത്രകൾ ചെയ്തിട്ടുണ്ട്. ആത്മ വിശ്വാസവും നല്ല മനസ്സുമുണ്ടെങ്കിൽ നല്ല സുഹൃത്തുക്കൾ വന്നെത്തുമെന്നും പോരായ്മകൾ ഉണ്ടെന്നു പറഞ്ഞു ഒതുങ്ങി കൂടിയാൽ നമ്മുടെ നാടിന്റെയും പ്രകൃതിയുടെയും സുന്ദര കാഴ്ചകൾ കാണാനും അനുഭവിക്കാനും കഴിയില്ലെന്നും നമുക്ക് ലഭിച്ച ജീവിതം നഷ്ടപ്പെടുത്താതെ ആസ്വദിക്കാൻ തയ്യാറാവണമെന്നും അലിഫ് അഭിപ്രായപ്പെടുന്നു. പരിമിതിയുള്ളവർ അതിനെ അതിജീവിക്കാനും അതിൽ നിന്ന് പാഠം ഉൾകൊള്ളാനും തയ്യാറാവണമെന്നും അലിഫ് പറയുന്നു. സർക്കാരിൽ നിന്നും പെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും ഭാരിച്ച ജീവിത ചിലവുകൾ നികത്താൻ ജോലി തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ബിരുദ പഠനം പൂർത്തിയായ നിലക്ക് സർക്കാർ തലത്തിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അലിഫ് മുഹമ്മദ്. പുറത്തു യാത്ര ചെയ്യുന്നത് വീൽ ചെയറിൽ ആയിരുന്നെങ്കിലും സാംസ്‌ക്കാരിക പ്രവർത്തകനും കോണ്ഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കതിന്റെ ഇടപെടലിലൂടെ ത്രീ വീലർ ആക്ടിവ ലഭിക്കുകയും അതിലൂടെ യാത്രകൾ സുഗമമായി മുന്നോട്ടു പോകുന്നതായും അലിഫ് പറയുന്നു.






