Sorry, you need to enable JavaScript to visit this website.

യുസഫലിക്കും അജിത് ഡോവലിനുമെതിരായ ആരോപണം; ഷാജൻ സ്‌കറിയക്ക് ലക്‌നോ കോടതിയുടെ വാറന്റ്

ലഖ്‌നോ - വ്യവസായ പ്രമുഖൻ എം.എ യൂസഫലി, ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ   വ്യാജ ആരോപണം ഉന്നയിച്ച കേസിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയക്ക് ലക്‌നൗ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്റ്. 20,000 രൂപയുടെ ജാമ്യ വാറന്റാണ് കോടതി പുറപ്പെടുവിച്ചത്. 
 നേരത്തെ കോടതി അയച്ച സമൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറന്റ് അയക്കാൻ കോടതി ഉത്തരവിട്ടത്. തന്നെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി തള്ളി. 
 ലക്‌നോവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി നടപടി. മറുനാടൻ മലയാളിയുടെ യൂ ട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്ത രണ്ട് വീഡിയോകൾക്ക് എതിരെയാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്. ഈ രണ്ട് വീഡിയോകളിലും യൂസഫലി, അജിത് ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ ഷാജൻ സ്‌കറിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് കേസ്.
  ഷാജൻ സ്‌കറിയ ചെയ്ത വീഡിയോയിലെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ അപകീർത്തികരവും സത്യവുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കിയാണ് കോടതി പ്രതിക്ക് നേരിട്ട് ഹാജരാകാൻ നേരത്തെ സമൻസ് അയച്ചിരുന്നത്. പ്രധാനമന്ത്രിയുമായും അമിത് ഷായുമായും അടുത്ത ബന്ധമുള്ള അജിത് ഡോവൽ തന്റെ സ്വന്തം മകൻ കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട കേസായതിനാലാണ് ഇത് ചർച്ചയാകാത്തതെന്നാണ് ഷാജൻ സ്‌കറിയ ആരോപിച്ചത്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള യൂസഫലി കള്ളപ്പണം ഇടപാട് നടത്തുമ്പോൾ ഒരു മാധ്യമവും അത് വാർത്തയാക്കുന്നില്ലെന്നും ഷാജൻ വിമർശിച്ചിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷം അജിത് ഡോവലിന്റെ മകന്റെ കമ്പനിയിലേക്ക് 8300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നും യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഡയരക്ടർ മുഹമ്മദ് അൽത്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്നും വീഡിയോയിലുണ്ടായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും ഈ വിഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ലുലു ഗ്രൂപ്പ് ലക്‌നോ കോടതിയിൽ അപകീർത്തി കേസ് നൽകിയത്.

Latest News