യാത്രക്കാര്‍ക്ക് നിസ്‌കരിക്കാനായി ബസ് നിര്‍ത്തിക്കൊടുത്തതിന് ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

ബറേലി (ഉത്തര്‍ പ്രദേശ്) - യാത്രക്കാര്‍ക്ക് നിസ്‌കരിക്കാനായി ബസ് നിര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ ഉത്തര്‍ പ്രദേശില്‍ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. ഉത്തര്‍ പ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് ബസ് ഡ്രൈവറെ സസ്‌പെന്‍ഡ്  ചെയ്യുകയും കരാര്‍ ജീവനക്കാരനായ കണ്ടക്ടറെ പിരിച്ചു വിടുകയും ചെയ്തത്. രണ്ട് യാത്രക്കാര്‍ക്ക് നിസ്‌കരിക്കനായി അര്‍ധരാത്രിയില്‍ ബസ് നിര്‍ത്തിക്കൊടുത്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് കൗശാംബിയിലേക്ക് പോകുകയായിരുന്ന ബസിലെ ഡ്രൈവര്‍ കെ.പി സിംഗിനെതിരെയും കണ്ടക്ടര്‍ മോഹിത് യാദവിനെതിരെയുമാണ് ബറേലി ഡിപ്പോയിലെ അസിസ്റ്റന്റ് റീജ്യണല്‍ മാനേജര്‍ സഞ്ജീവ് ശ്രീവാസ്തവ നടപടിയെടുത്തത്. റാംപൂരിന് മുമ്പ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ബസ് നിര്‍ത്തി  രണ്ട് മുസ്‌ലീം  യാത്രക്കാര്‍ക്ക്  റോഡില്‍ നമസ്‌കരിക്കാന്‍ സൗകര്യം അനുവദിച്ചതാണ് നടപടിയ്ക്ക് കാരണം. അതേസമയം ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തിയിടുന്നത് കവര്‍ച്ച പോലുള്ള അനിഷ്ട സംഭവങ്ങള്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കാനും ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്താണ് നടപടിയെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ വാദിക്കുന്നത്.

 

Latest News