പെണ്‍കുട്ടിയുടെ മനസ്സുമാറി; ഗര്‍ഭം അലസിപ്പിക്കേണ്ട, പ്രതിയെ വിവാഹം കഴിക്കണം

ന്യൂദല്‍ഹി- പെണ്‍കുട്ടിയും അവളുടെ രക്ഷിതാവും ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 14 വയസ്സായ പെണ്‍കുട്ടിയെ ശിശുഭവനിലേക്ക് മാറാന്‍ ദല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പെണ്‍കുട്ടിയും രക്ഷിതാവും ഗര്‍ഭം അലസിപ്പിക്കാനുള്ള മെഡിക്കല്‍ സമ്മതം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്.  തന്നെ ഗര്‍ഭിണിയാക്കിയെ പ്രതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പെണ്‍കുട്ടി ഒടുവില്‍ കോടതിയില്‍ ബോധിപ്പിച്ചത്.  കേസില്‍ പ്രതിയെ വിളിച്ചുവരുത്തണമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
27 ആഴ്ച ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവളുടെ സഹോദരനായ രക്ഷിതാവും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി ചൂണ്ടിക്കാട്ടി.
പോക്‌സോ നിയമപ്രകാരം ക്രിമിനല്‍ നടപടി നേരിടുന്ന പുരുഷനുമായുള്ള ശാരീരിക ബന്ധത്തിന്റെ ഫലമാണ് ഗര്‍ഭധാരണമെന്ന് ചൂണ്ടിക്കാണിച്ചാണ് നേരത്തെ പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. ഗര്‍ഭം അലസിപ്പിക്കുന്നതിന് ഗുരു തേജ് ബഹാദൂര്‍ ആശുപത്രിക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ മനസ്സ് മാറുകയും പ്രതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു.

 

 

Latest News