മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ, യുവതിക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി- എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാന്‍ ശ്രമിച്ചപ്പോള്‍ പിടിയിലായ പൂര്‍വ വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തു. കാസര്‍കോട് സ്വദേശിനി കെ.വിദ്യക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. മറ്റൊരു വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ഇവര്‍ കാസര്‍കോട് സര്‍ക്കാര്‍ കോളേജില്‍ നേരത്തെ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയതിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിയത്. സംഭവത്തില്‍ മഹാരാജാസ് കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് രണ്ട് വര്‍ഷം മഹാരാജാസില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന രേഖ ചമച്ചത്. അട്ടപ്പാടി ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ചെന്നപ്പോള്‍, സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നി അവിടത്തെ അധ്യാപകര്‍ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. 2018 ല്‍ മഹാരാജാസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യ കാലടി സര്‍വകലാശാലയില്‍ എംഫില്‍ ചെയ്തിരുന്നു.

 

Latest News