Sorry, you need to enable JavaScript to visit this website.

തെങ്ങില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി; ആവശ്യം അംഗീകരിച്ച് അധികൃതര്‍

തെങ്ങില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ മോഹന്‍ താഴെ ഇറങ്ങുന്നു.

പുല്‍പള്ളി- വീടിനു സമീപം മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കോഴി ഫാമിനെതിരെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ തെങ്ങില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി.  മുള്ളന്‍കൊല്ലി പെരിക്കല്ലൂര്‍ മൂന്നുപാലം ചന്ദ്രന്‍പുരയ്ക്കല്‍ മോഹനനാണ് വീട്ടുവളപ്പിലെ 70 അടിയോളം ഉയരമുള്ള തെങ്ങില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയത്.  രാവിലെ 11 ഓടെയാണ് മോഹനന്‍ തെങ്ങില്‍ കയറിയത്. സ്ഥലത്തെത്തിയ അഗ്നി-രക്ഷാസേനയും പോലീസും  അനുനയിപ്പിച്ചു താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് അഗ്നി-രക്ഷാസേന തെങ്ങിന്‍ചുവട്ടില്‍ വല വിരിച്ചു. ഇതിനു പിന്നാലെ മോഹനനുമായി പഞ്ചായത്ത് അധികാരികള്‍ ഫോണില്‍ ബന്ധപ്പെട്ടു. പ്രശ്‌നത്തിനു അടിയന്തര പരിഹാരം കാണാമെന്ന് മോഹനന്റെ ഭാര്യക്കു രേഖാമൂലം ഉറപ്പുനല്‍കി. ഇതോടെയാണ് മോഹനന്‍ താഴെയിറങ്ങിയത്. കോഴിഫാമില്‍നിന്നുള്ള ദുര്‍ഗന്ധം അസഹനീയമായപ്പോഴാണ് മോഹനന്‍ പഞ്ചായത്തിലടക്കം പരാതി നല്‍കിയത്. കോഴിഫാം 25 അടി ഉയരത്തില്‍  ടിന്‍ ഷീറ്റിനു മറയ്ക്കണമെന്നായിരുന്നു പരാതിയിലെ മുഖ്യ ആവശ്യം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണത്തിനുപോലും ഉത്തരവാദപ്പെട്ടവര്‍ തയാറായില്ല. ഈ സാഹചര്യത്തിലായിരുന്നു മോഹനന്റെ അറ്റകൈ പ്രയോഗം. പ്രശ്‌നത്തിനു താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ 10 ദിവസത്തേക്ക് കോഴിഫാമിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കി.

 

 

Latest News