സുരേഷ് ഗോപിയുടെ വാഹനം കടത്തിവിട്ടില്ല; ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍

കൊച്ചി- രാജ്യസഭാ മുന്‍ അംഗവും സിനിമാതാരവുമായ  സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ  അപകടകരമായ രീതിയില്‍ ലോറിയോടിച്ച അന്യസംസ്ഥാന  ഡ്രൈവര്‍ കസ്റ്റഡിയില്‍. കളമശ്ശേരി പോലീസാണ് ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. 

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വാഹനാപകടത്തില്‍ മരിച്ച സുധി കൊല്ലത്തിന്റെ മൃതദേഹം കാക്കനാട് 24 ന്യൂസ് ചാനലില്‍ സന്ദര്‍ശിച്ച ശേഷം തൃശൂരിലേക്ക് പോവുകയായിരുന്ന സുരേഷ് ഗോപിയെ കളമശ്ശേരി തോഷിബ ജംഗ്ഷന് സമീപത്താണ് കടത്തിവിടാതെ ലോറിയോടിച്ചത്. സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ലോറിയുടെ സമീപത്ത് പല തവണ ലൈറ്റ് തെളിയിച്ചെങ്കിലും അപകടകരമായ രീതിയില്‍  ഇടംവലം വാഹനം ഓടിച്ച ലോറി ഡ്രൈവര്‍ വാഹനം കടത്തിവിടാതെ വന്നതോടെ സുരേഷ് ഗോപി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു. അതോടെ അങ്കമാലിയില്‍ പോലീസ് ലോറി തടഞ്ഞു നിര്‍ത്തി ലോറിയും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ സുബൈര്‍ വി എ, ഡി വി ആര്‍ സി പി ഒ ശരത് എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കല്ലകുര്‍ച്ചി പിള്ളയാര്‍ കോവില്‍ തെരുവ് ഭരത് എസ് (29) ആണ് കസ്റ്റഡിയിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ക്കെതിരെ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയില്‍ എടുത്ത വാഹനം പിന്നീട് പോലീസ് കോടതിക്ക് കൈമാറി.

Latest News