തലശ്ശേരി- തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ ദമ്പതികൾ ആശുപത്രിയിലെ ടാബ് സെറ്റുമായി മുങ്ങി. സംഭവവുമായി ബന്ധപ്പെട്ട് കൂത്ത് പറമ്പ് സ്വദേശി അറസ്റ്റിൽ. കൂത്തുപറമ്പ് മൂര്യാട്ടെ മരിയാടൻ വീട്ടിൽ ഷാനീഫിനെയാണ് പോലിസ് അറസ്റ്റു ചെയ്തത്. തലശ്ശേരി ജനറൽ ആശുപത്രി ഒ.പി.വിഭാഗത്തിൽ ചികിത്സക്കെത്തിയ ദമ്പതികളാണ് പരിശോധന കഴിഞ്ഞ് പോവുമ്പോൾ ടാബ് സെറ്റ് അടിച്ചു മാറ്റിയത്. 15000 ത്തോളം രൂപ വിലവരുന്ന ടാബ് നഷ്ടപ്പെട്ടതായി ആർ.എം.ഒ. ഡോ.ജിതിൻ പരാതിപ്പെട്ടതിനെ തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഷാനീഫ് പിടിയിലായത്. തലശേരി ഗവ. . ആശുപത്രിയിലെ ഒ.പി. രജിസ്ടറും സി.സി.ടി.വി.ദൃശ്യങ്ങളും പരിശോധിച്ചാണു ഇയാളെ പിടികൂടിയത്. ഷാനിഫ് ഇപ്പോൾ മൂര്യാടിനടുത്താണ് താമസം. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഭാര്യക്കെതിരായ നടപടികൾ പിന്നീട് തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു.