സൗദി എയര്‍പോര്‍ട്ടുകളില്‍ ബാഗേജ് കാര്‍ട്ടന് നിരോധമില്ല- സിവില്‍ ഏവിയേഷന്‍

റിയാദ് - സൗദി അറേബ്യന്‍ വിമാനത്താവളങ്ങളില്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സ് ബാഗേജുകള്‍ക്ക് വിലക്കുള്ളതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍ഖുറൈഫ് അറിയിച്ചു.
ബാഗേജ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് അവര്‍ വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സൗദി എയര്‍ലൈന്‍സും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാനെത്തുന്നവര്‍ക്ക് കാര്‍ടണ്‍ ബാഗേജുകള്‍ കൊണ്ടുവരാമെന്നും ഇതുവരെ അതിന് വിലക്കില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിധത്തില്‍ നിരോധന ഉത്തരവ് ഇതുവരെ ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും സൗദിയ വക്താവ് ഫഹദ് ബാഹദീല അറിയിച്ചു.
സൗദി വിമാനത്താവളങ്ങളില്‍ ജൂലൈ മുതല്‍ കാര്‍ടണ്‍ ബോക്‌സ് ബാഗേജുകള്‍ നിരോധിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും സൗദി എയര്‍ലൈന്‍സും വിശദീകരണം നല്‍കിയത്.
 

 

Latest News