തരൂരും അരിയും ചക്കയും പരിഷത്തും!

കുട്ടികൾ പാർക്കിലെ 'സീസാ' ബെഞ്ചിലിരുന്ന് ആടിക്കളിക്കുന്നതു പോലെയാണ് കളി. കാര്യമാകുമോ എന്നു പറയാറായിട്ടില്ല. രാജസ്ഥാനിലെ മുറുകുന്ന തൊമ്മനെയും അയയുന്ന ചാണ്ടിയെയും പിടിച്ച് ഒന്നിച്ചു നിർത്തി ഫോട്ടോയെടുക്കുന്നതാണ് ദേശീയ പാർട്ടിയുടെ മെയ് മാസത്തിലെ നേട്ടം. പിൻഭാഗം കൂടി കണ്ടാലേ, വടം കൊണ്ടു കെട്ടിനിർത്തിയതാണോ എന്നു വ്യക്തമാകൂ. പാർട്ടി നിറയെ ഇപ്പോൾ അരിക്കൊമ്പന്മാരും ചക്കക്കൊമ്പന്മാരുമാണ്.
കേരളത്തിലാണെങ്കിൽ മലപ്പുറവും പാലായും ഇരുവശത്തുനിന്നും പിടിച്ച് ആനയിച്ചാൽ മാത്രം തെരഞ്ഞെടുപ്പിന്റെ ഗ്രൗണ്ടിലിറങ്ങാൻ ശേഷിയുള്ള പാവം പാർട്ടി. ഇടതുമുന്നണി രണ്ടാം ഭരണം രണ്ടു കൊല്ലം പൂർത്തിയാക്കുന്ന മുഹൂർത്തം നോക്കി പാലായിലേക്ക് ചെന്നിത്തല നീട്ടിവിളിച്ചതും ജോസ് മോൻ മൗനമുദ്രയണിഞ്ഞതും തൊടുപുഴയിൽനിന്നും ഒരു സട കൊഴിഞ്ഞ സിംഹത്തിന്റെ ക്ഷീണിച്ച പ്രതിഷേധമുയർത്തുന്നതുമെല്ലാം വരും കാലത്തിന്റെ ചിഹ്നങ്ങളാണ്. പക്ഷേ 'മടിയൻ മല ചുമക്കും' എന്നൊരു ചൊല്ലുണ്ട്. കേരളം മാത്രമല്ലല്ലോ ഇന്ത്യ. ലോക പ്രതിപക്ഷങ്ങളെ ഒരേ വേദിയിൽ എത്തിക്കുവാനും എം.ജി.ആർ മോഡലിൽ 'കത്തിച്ചണ്ട'ക്ക് വാളും പരിചയും നൽകുവാനും മോഹമുണ്ട്. അങ്ങനെയെങ്കിൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ 'തമിഴ്‌നാട് മെയ്ഡ്' ചെങ്കോൽ സ്വന്തമാക്കാം. എന്തു ചെയ്യാം. ആലിൻകായ പഴുക്കുമ്പോളല്ല, പൂവിടും മുമ്പേ തന്നെ പാർട്ടിക്ക് 'വായ്പുണ്ണാ'ണ്. ദില്ലിയിലെയും ഹരിയാനയിലെയും അരി- ചക്കക്കൊമ്പന്മാർ കലാപം തുടങ്ങി. അവർക്ക് ആം ആദ്മിയെ കണ്ടുകൂടാ.... ആ ചിഹ്നമായ ചൂല് കണ്ടാൽ തന്നെ ഭയമാണ്. ജനത്തെപ്പോലെ അവരെയും വിശ്വസിക്കാനാകില്ല. ഐക്യമോ ധാരണയോ വേണ്ട. ഉണ്ടായാൽ ഞങ്ങൾ 'ധർണ'യിരിക്കും- അതാണ് പി.സി.സികളുടെ ചിന്നംവിളിയുടെ ആന്തരാർഥം. സംസ്ഥാനങ്ങളിലെ ഐക്യസാധ്യത കണ്ടെത്തുന്നതിനേക്കാൾ ലളിതം ചുവന്നുളളിയുടെ തൊലി കളയുന്നതാണെന്നു വ്യക്തം. കേരള ഘടകത്തിന് 'പാളയത്തി'നകത്തു വേറെയും 'പട'യുണ്ട്. പല സീനിയറന്മാരും ന്യൂജെൻ പിള്ളേരേക്കാൾ അത്യന്താധുനികരാണെന്ന് നാടുമൊത്തം അറിയാത്തത് 'തനിനിറം' ദിനപത്രം മുടങ്ങിപ്പോയതുകൊണ്ടാണെന്നു അഭിപ്രായമുള്ള നാട്ടുകാരുമുണ്ട്. ഇവിടെ കെ.എസ്.യു എന്ന പിള്ളേർ വിഭാഗം ജൂനിയറാണോ സീനിയറാണോ എന്ന ശങ്കയുണർത്തുന്നതാണ് സംഭവങ്ങൾ. വിവാഹിതരാണെങ്കിൽ വിദ്യാർഥി സംഘടനയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് സുധാകര ഗുരുക്കളുടെ കണ്ടീഷൻ.
മഹാത്മാഗാന്ധി 13 ാം വയസ്സിൽ കല്യാണം കഴിച്ച കാര്യം കെ.പി.സി.സിക്ക് അറിയില്ലെന്നു തോന്നുന്നു. ഇനിയും വായിച്ചു മനസ്സിലാക്കാൻ സമയമുണ്ട്. വിവാഹിതർക്ക് കെ.എസ്.യുവിൽ നിശ്ചിത ശതമാനം സംവരണം ചെയ്യാമായിരുന്നു. കുട്ടികൾ വഴിതെറ്റാതിരിക്കാൻ അതിലും വലിയ മാർഗമില്ല. ലാറ്റെക്‌സ് കമ്പനികൾ പോലും മൂക്കത്തു വിരൽവെച്ചു വഴിമാറി പൊയ്‌ക്കൊള്ളും. കഞ്ചാവ് മുതൽ സർവമാന ലഹരികളും തൊടുന്നതിനു മുമ്പ് 'വാമഭാഗ'വുമായി കൂടിയാലോചിക്കും. നിവൃത്തിയില്ലെങ്കിൽ ഇരുവരും ചേർന്ന് ആഘോഷിച്ചുകൊള്ളും. സുധാകര ഗുരുക്കളും പരികർമിമാരും ഒന്നുകൂടി കൂട്ടമായിരുന്ന് ആലോചിക്കണം. രണ്ടാമത്തെ മീറ്റിംഗിന് ചായയും വടയും ഒഴിവാക്കി ഭീമമായ ഒരു സംഖ്യ ലഭിക്കാം. അത്രക്കുണ്ടല്ലോ, നിർവാഹക സമിതി അംഗബലം! കൂട്ടത്തിൽ ശശി തരൂരിന്റെ കാര്യം ഗൗരവമായിതന്നെ ആലോചിക്കണം. മോഡിരാജാവിന്റെ ചെങ്കോലും കിരീടധാരണവുമെല്ലാം തരൂർജി ആസ്വദിച്ചു കമന്റടിച്ചതും മല്ലികാബാണനും സോണിയാമ്മയും മകനും മകളും പല്ലു കടിച്ചതും നല്ലൊരു അവസരമാണ്. ഇരുമ്പ് പഴുത്തിരിക്കുമ്പോൾ വേണം അടിച്ചു പരത്താൻ. തരൂരിന്റെ 'ഷേപും പോപ്പുലാരിറ്റിയും' മാറ്റിക്കളയാൻ ഇതിൽപരം ഒരു അവസരം വരില്ല. 2026 നു മുമ്പ് കഥ കഴിക്കണം. പിന്നെ അടുത്ത മുഖ്യമന്ത്രി? ജനങ്ങൾ വഴിനീളെ ഇപ്പോൾ തന്നെ താലമേന്തി കാത്തുനിൽക്കുകയല്ലേ? എന്തൊരു സേവനം, എന്തൊരു സ്വപ്‌നം? അതാവുമോ വി.എം. സുധീരൻജി എഴുപത്തിയഞ്ചാം പിറന്നാൾ വേളയിൽ ഉരുവിട്ടത്; കോൺഗ്രസിലിപ്പോൾ അഞ്ച് ഗ്രൂപ്പുണ്ടെന്ന്! സാരമില്ല. ഇനിയും രണ്ടരക്കൊല്ലം കൂടിയുണ്ട്. ആത്മാർഥമായി ശ്രമിച്ചാൽ പത്തോ പതിനഞ്ചോ ഗ്രൂപ്പ് കൂടി ഉണ്ടാക്കാൻ കഴിയും. പാർട്ടിയുടെ കുലത്തൊഴിൽ ഉപേക്ഷിച്ചുവെന്ന് ആർക്കും മനസ്താപം വേണ്ടിവരില്ല.
****                                    

കെ.ബി. ഗണേശ് കുമാർ ഇപ്പോൾ സംശയത്തിന്റെ നിഴലിലാണോ? പറയാം. അദ്ദേഹം നന്നേ കുഞ്ഞിലേ തന്നെ ആനയെ കണ്ടാണ് വളർന്നതത്രേ! പിതാവ് തിരക്കേറിയ സംസ്ഥാന നേതാവും മന്ത്രിയുമൊക്കെ ആയിരുന്നല്ലോ. മകൻ ജനപ്രതിനിധിയാണ്, കള്ളം പറയുകയില്ല; പാടില്ല. അതിനാൽ തന്നെ, അഭിപ്രായങ്ങൾ അവഗണിക്കാനും പാടില്ല. ആനത്താര, ആനപ്രേമം, ആനമദം, ആനപ്പിണ്ടി തുടങ്ങിയ പദങ്ങളുടെ ഒരു 'ആനനിഘണ്ടു' തന്നെ പ്രസിദ്ധപ്പെടുത്താൻ കെൽപുള്ള ദേഹവുമാണ്. അരിക്കൊമ്പൻ തിരിച്ചുവന്നാൽ പിടിച്ചു കുങ്കിയാനയാക്കണം എന്നാണ് ഗണേശാഭിപ്രായം. വളരെ വികൃതികളായ ചില ആൺപിള്ളേരെ പിടിച്ചു 'പെണ്ണുകെട്ടിക്കുന്നതു' പോലെ തന്നെ ഒരു പരിഹാര മാർഗം. അഞ്ചു ലക്ഷം രൂപ മുടക്കി കൊമ്പന്റെ മേൽ ഫിറ്റ് ചെയ്ത 'കാളർ' തമിഴ്‌നാട്ടുകാർ കൊണ്ടുപോകുമെന്നത് ചില്ലറ അഭിപ്രായമാണോ? കേരള സർക്കാരിന്റെ ആദ്യ തീരുമാനം, പിന്നെ പബ്ലിസിറ്റിക്കു വേണ്ടി മാറ്റിമറിച്ചു. പത്തനാപുരം എമ്മെല്ലേയുടെ ആ വെടി വനംമന്ത്രിക്കല്ലാതെ ആർക്കും കൊള്ളാൻ ഇടയില്ല. അരിയുടെയും ചക്കയുടെയും ചെലവിൽ മന്ത്രി ശശീന്ദ്രനും മാധ്യമങ്ങളിൽ കടന്നുകയറി. അല്ലാതെ എന്തു പണിയെടുത്തിട്ടാണ്! തമിഴ്‌നാട്ടിൽ കപട ആനപ്രേമികളില്ലെന്നും പത്തനാപുരം ലീഡർ. കൈവശമുള്ള ആനകളെ കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും ഉത്സവങ്ങൾക്ക് അയക്കാറുണ്ടെന്ന് വ്യക്തമാക്കി, മിതമായ നിരക്ക് മാത്രമേ ഈടാക്കാറുള്ളൂ. തമിഴന്മാരുടെ ഇടപാട് കിറുകൃത്യം. അങ്ങനെ 'ആനവാടക' സമ്പാദിച്ച് ഗണേശന് അത്താഴമുണ്ണേണ്ട കാര്യമില്ല. ആദ്യത്തെ രണ്ടരക്കൊല്ലം മന്ത്രിയാകാൻ ക്ഷണം  കിട്ടിയിട്ടും അങ്ങോർ നിരസിച്ചുവെന്നതും യാഥാർഥ്യം. ഒക്കെ ശരി. പക്ഷേ ഈയിടെ പ്രവാസികൾക്ക് ധൈര്യപൂർവം ഇവിടെ വ്യവസായം തുടങ്ങാനുള്ള വളർച്ചയോ സമയമോ ആയിട്ടില്ലെന്ന് അദ്ദേഹം വെച്ചുകാച്ചി. അവസാന രണ്ടരക്കൊല്ലത്തേക്ക് 'വനം' നോട്ടമുണ്ടോ ആവോ! ഗണേശ് കുമാർ ശരിക്കും ഇടതുമുന്നണിയിൽ തന്നെയാണോ എന്നും പല കേന്ദ്രങ്ങളിലും ശങ്ക ഉണർന്നു. സംശയിക്കാൻ ഏറ്റവും കേമൻ മുഖ്യമന്ത്രിയാണെന്ന് ലോകപ്രസിദ്ധം. ഗണേശിനാണെങ്കിൽ ഇടക്കൊക്കെ സത്യം പറയുക എന്നൊരു അസുഖവുമുണ്ട്. ഇടഞ്ഞാൽ മയക്കുവെടി വെക്കണോ, അതോ പിടിച്ചു പുറത്താക്കണോ എന്ന ചിന്ത മാനസിക രൂപത്തിലോ വാരികാടി സ്ഥാനത്തിലോ കടന്നുകൂടിയിട്ടുണ്ടെന്ന് എ.കെ.ജി സെന്റർ പരിസരവാസികൾ. ഏതായാലും അരിക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ നാമങ്ങൾ അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ എന്നീ പേരുകൾ പോലെ പരിചയമില്ലാത്ത കുഞ്ഞുങ്ങൾ പോലുമില്ല. ഇനി പിറക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിലേയുള്ളൂ സംശയം. കൊമ്പന്മാരുടെ പാത കണ്ടുപിടിക്കാൻ 'ഗൂഗിൾ മാപ്പു'മായി പാഞ്ഞു നടക്കുന്ന വനംവകുപ്പുകൾക്കായി ലക്ഷങ്ങളും കോടികളുമാണ് വെള്ളത്തിൽ പോകുന്നത്. കാലാവധി തീരും മുമ്പ് രണ്ടായിരത്തിന്റെ നോട്ടുകൾ ചെലവാക്കാനുള്ള സുവർണാവസരമെന്നു വിശേഷിപ്പിച്ചാലു മുഷിയില്ല.
****                      ****                                  ****

ശവത്തിൽ കുത്തരുത്- കേരള ശാസ്ത്രസാഹിത്യ പരിഷത്തിനോടു തന്നെ! കെ. റെയിൽ വെള്ളപ്പൊക്കത്തിന് ഒരു കാരണമാകുമത്രേ! അതിനു പുനർചിന്തനവും ബദലും വേണമത്രേ! അപ്പോപ്പിന്നെ, ഈ കരാറുകാരെ എന്തു ചെയ്യമെന്നാ? കരാർ ലംഘിച്ചാൽ കാരാഗൃഹമെന്നോ മറ്റോ ഒരു വകുപ്പും പണ്ടേയുണ്ട്. ഡി.പി.ആറിൽ ന്യൂനത, 7500 വീടുകളും 33 ഫഌറ്റുകളും 173 സ്വകാര്യ സ്ഥാപനങ്ങളും തവിടുപൊടിയാകും. എന്തൊക്കെ കണ്ടുപിടിത്തങ്ങൾ! 'സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമല്ല' എന്നു കേന്ദ്ര റെയിൽവേ മന്ത്രി വൈഷ്ണവ് പ്രസ്താവിച്ചത് പരിഷത്ത് സന്തതികളാരും വായിച്ചില്ലേ? ഈയിടെയായി പ്രവർത്തകർക്കു വായന വളരെ കുറഞ്ഞിരിക്കുന്നു. 'ആന കൊടുത്താലും ആശ കൊടുക്കരുതെന്നു' പറഞ്ഞാണ് സംസ്ഥാന ബി.ജെ.പി കേന്ദ്ര മന്ത്രിയുടെ മുന്നിൽ ഞെട്ടിയതും വിലപിച്ചതും. ഇതെന്തു പരിഷത്ത്? കടം വാങ്ങുമ്പോൾ മൂക്കിൽ കയറിട്ടു വലിച്ച് കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിച്ചു കൊല്ലുമ്പോഴാണ് പരിഷത്തിന്റെയൊരു പരിസ്ഥിതി പ്രേമം!

Latest News