Sorry, you need to enable JavaScript to visit this website.

VIDEO മധ്യപ്രദേശ് സ്‌കൂളില്‍ ഹിജാബ് വിവാദം; സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമേല്‍ മഷി ഒഴിച്ചു

ഭോപ്പാല്‍- മധ്യപ്രദേശിലെ ദമോഹില്‍ സ്വകാര്യ സ്‌കൂളിലെ ഹിജാബ് വിവാദം അന്വേഷിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ദേഹത്ത് മഷി ഒഴിച്ചു. വാഹനത്തിനകത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥനുമേല്‍ രണ്ട് പേര്‍ ജയ്ശ്രീറാം വിളിച്ചുകൊണ്ട് മഷി ഒഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ദമോഹിലെ ഗംഗാ യുമുന ഹയര്‍ സെക്കണ്ടറിലെ ഹിജാബ് വിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ആക്രമിക്കപ്പെട്ടത്.
മഷി ഒഴിച്ചത് ആരാണെന്ന് അറിയാമെന്നും പോലീസില്‍ പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അഭിനന്ദിക്കുന്ന പോസ്റ്ററാണ് കഴിഞ്ഞയാഴ്ച ഹിജാബ് വിവാദം ആരംഭിക്കാന്‍ കാരണം. പോസ്റ്ററില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളില്‍ ഹിന്ദുക്കളുമുണ്ടെന്നും അവരെ അതിനു നിര്‍ബന്ധിച്ചതാണെന്നും ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധം തുടങ്ങുകയായിരുന്നു.
സ്‌കൂളില്‍ ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റുന്നതിനുള്ള ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി ഭരണകക്ഷിയായ ബി.ജെ.പി നേതാക്കള്‍ ആരോപിച്ചതോടെ വിഷയം കൂടുതല്‍ വര്‍ഗീയമായി. മൂന്ന് ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്ന് സ്‌കൂളില്‍ മൂന്ന് വനിതാ അധ്യാപകര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇത് വെറും ലൗ ജിഹാദ് മാത്രമല്ലെന്നും മതം മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും മധ്യപ്രദേശ് ബി.ജെ.പി പ്രസിഡന്റ് വി.ഡി.ശര്‍മ പറഞ്ഞു.
അന്വേഷണം ആരംഭിച്ച ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂളിന്റെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഹിജാബ് വിവാദത്തിന്റെ പേരിലല്ല നടപടിയെന്നും അത് അന്വേഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗീകാരം സസ്‌പെന്‍ഡ് ചെയ്തത്.

 

Latest News