Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സമസ്ത-സി.ഐ.സി തർക്കത്തിൽ പരിഹാരം; സമവായ നിർദേശം സി.ഐ.സി സെനറ്റ് അംഗീകരിച്ചതായി സാദിഖലി തങ്ങൾ

മലപ്പുറം - വഫി, വാഫിയ്യ കോളജുമായും മറ്റും ബന്ധപ്പെട്ട സമസ്ത-സി.ഐ.സി പ്രശ്‌നം പൂർണ പരിഹാരത്തിലേക്ക്. സമസ്ത നിർദേശങ്ങൾ ഇന്ന് ചേർന്ന സി.ഐ.സി സെനറ്റ് യോഗം അംഗീകരിച്ചുവെന്നും സി.ഐ.സി സെനറ്റ് നിർദേശങ്ങൾ സമസ്ത മുശാവറയിലും അവതരിപ്പിക്കുന്നതോടെ പ്രശ്‌നങ്ങളെല്ലാം പൂർണമായും പരിഹരിക്കുമെന്നും സി.ഐ.സിയുടെയും മുസ്‌ലിം ലീഗിന്റെയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 
 ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവരും സെനറ്റ് യോഗത്തിൽ സംബന്ധിച്ചു. രണ്ടുദിവസം സമസ്ത-ലീഗ് നേതാക്കൾ ചർച്ച ചെയ്ത് തയ്യാറാക്കിയ സമവായ ഫോർമുലയാണ് സി.ഐ.സി സെനറ്റ് യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയത്. ഇതോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
സി.ഐ.സി സ്ഥാപക ജനറൽസെക്രട്ടറി പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദ്യശ്ശേരിയെ സമസ്ത സ്ഥാനങ്ങളിൽനിന്ന് നീക്കുകയും പിന്നീട് സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തത് ഏറെ പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. വിദ്യാർത്ഥികളും വഫി, വാഫിയ്യ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ഫൈസിക്കൊപ്പം നിലയുറപ്പിച്ചതോടെ പ്രശ്‌നം സങ്കീർണമായിരുന്നു. ഈ തർക്കം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സമസ്ത-ലീഗ് തർക്കം എന്ന തലത്തിലേക്ക് പ്രശ്‌നം വഴിമാറുകയും സമൂഹമാധ്യമങ്ങളിൽ ഇരു ചേരികളായി വാഗ്വാദങ്ങൾ നടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ സമവായത്തിനായി ഇടപെട്ടത്. തുടർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽസെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കളെ ഒരുമിച്ചിരുത്തി സമവായമുണ്ടാക്കാൻ ചർച്ച നടത്തുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സി.ഐ.സി സെനറ്റ് പ്രസ്തുത നിർദേശങ്ങൾ അംഗീകരിച്ചത്. ഇനി ഇവ സമസ്ത കൂടി അംഗീകരിക്കുന്നതോടെ പ്രശ്‌നങ്ങൾക്ക് പൂർണ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Latest News