മക്ക - ജുമൂമിൽ പരിഷ്‌കരണങ്ങളെ എതിർക്കുന്ന തീവ്രവാദികൾ അഗ്നിക്കിരയാക്കിയ കാറിനു പകരം സൗദി യുവതി സൽമ അൽബറകാത്തിക്ക് മക്ക നഗര സമിതി വൈസ് പ്രസിഡന്റ് ഫഹദ് അൽറൂഖിയുടെ വക പുതിയ കാർ. ജുമൂമിലെ അൽസ്വമദ് ഗ്രാമത്തിലെ വീടിനു മുന്നിൽ നിർത്തിയിട്ട സൽമ അൽബറകാത്തിയുടെ കാർ ഞായറാഴ്ച പുലർച്ചെയാണ് അജ്ഞാതർ അഗ്നിക്കിരയാക്കിയത്. സൗദി യുവതിയുടെ കുടുംബ, സാമ്പത്തിക സാഹചര്യം പഠിച്ചാണ് അവർക്ക് പുതിയ കാർ സമ്മാനിക്കുന്നതിന് തീരുമാനിച്ചതെന്ന് ഫഹദ് അൽറൂഖി പറഞ്ഞു. വൃദ്ധരായ മാതാപിതാക്കളെയും ഭർത്താവിനെയും പരിചരിക്കുന്നതും സഹായിക്കുന്നതും ഇവരാണ്. ഇത്തരക്കാരാണ് സഹായത്തിന് ഏറ്റവും അർഹർ. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി ഏറ്റവുമധികം പ്രയോജനപ്പെടുന്നതും സൽമ അൽബറകാത്തിയെ പോലുള്ളവർക്കാണ്. ആഡംബരത്തിനു വേണ്ടിയല്ല ഇവർ കാറോടിക്കുന്നത്. കുടുംബത്തെയും മക്കളെയും സേവിക്കുന്നതിനു വേണ്ടിയാണെന്നും ഫഹദ് അൽറൂഖി പറഞ്ഞു.
വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകുന്നതിനുള്ള തീരുമാനം പുറത്തു വന്നതിനെ തുടർന്ന് മാസങ്ങൾക്കു മുമ്പാണ് 2011 മോഡൽ നിസാൻ സണ്ണി കാർ 13,000 റിയാലിന് വാങ്ങിയതെന്ന് സൽമ അൽബറകാത്തി പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസ് നടപടികൾ പൂർത്തിയാകുന്നതും ഡ്രൈവിംഗ് അനുമതി നിലവിൽവരുന്നതും വരെ കാർ വീടിനു മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. 2520 റിയാൽ അടച്ച് ലൈസൻസിന് ജിദ്ദയിലെ ഡ്രൈവിംഗ് സ്‌കൂളിൽ താൻ അപേക്ഷ നൽകിയിരുന്നു. അടുത്തിടെ ലൈസൻസ് ലഭിക്കുകയും ചെയ്തു. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി നിലവിൽ വന്നതു മുതൽ താൻ കാറോടിക്കുന്നുണ്ട്.
വൃദ്ധരായ മാതാപിതാക്കളെ സമീപത്തെ ഹെൽത്ത് സെന്ററിൽ എത്തിക്കുന്നതിനും ജോലി സ്ഥലത്തേക്ക് പോകുന്നതിനും കാർ ഉപയോഗിച്ചിരുന്നു. ഏക സഹോദരൻ വിദേശത്ത് പഠിക്കുന്നതിനാൽ മാതാപിതാക്കളെ ആശുപത്രിയിലെത്തിക്കുന്നതിന് മറ്റാരുമില്ല. താൻ കാറോടിക്കുന്നതിനെ ഗ്രാമവാസികളായ ചില യുവാക്കൾ രൂക്ഷമായി വിമർശിക്കുകയും കുറ്റപ്പെടുത്തുകയും തന്നെ തെറിവിളിക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ പെട്ട യൂസുഫ് എന്ന് പേരുള്ള യുവാവ് താൻ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പലതവണ ചിത്രീകരിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരാണ് തന്റെ കാർ അഗ്നിക്കിരയാക്കിയത്.
കാറോടിക്കുന്നതിന്റെ പേരിൽ തന്നെ തെറിവിളിച്ചിരുന്നവരുടെ പേരുവിവരങ്ങൾ താൻ സുരക്ഷാ വകുപ്പുകൾക്ക് നൽകിയിട്ടുണ്ട്. ജിദ്ദയിൽ പ്രിൻസ് സുൽത്താൻ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ കാഷ്യറായി നാലായിരം റിയാൽ വേതനത്തിന് ജോലി ചെയ്താണ് കുടുംബം പോറ്റുന്നതിനുള്ള വക താൻ കണ്ടെത്തുന്നത്.
വേതനത്തിൽ നിന്ന് പകുതിയോളം ഡ്രൈവർക്ക് ശമ്പളമായി നൽകുന്നതിന് താൻ നേരത്തെ നിർബന്ധിതയായിരുന്നു. തന്റെ കാർ അഗ്നിക്കിരയാക്കിയവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുകയും തനിക്ക് പുതിയ കാർ വാങ്ങിനൽകുന്നതിന് അവരെ നിർബന്ധിക്കുകയും വേണമെന്ന് സൽമ ആവശ്യപ്പെട്ടു.