തെഹ്റാന്‍- അമേരിക്കയുടെ ഉപരോധം ഇറാനിലെ സ്വര്‍ണ വ്യാപാരത്തെ ബാധിക്കാനിരിക്കെ, രണ്ട് ടണ്‍ സ്വര്‍ണ നാണയങ്ങള്‍ ശേഖരിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ആദ്യം ഉപരോധത്തിന്റെ ആദ്യഘട്ടം ആംരിച്ചാല്‍ കൂടിയ വിലക്ക് വില്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. 58 കാരനായ ഇയാള്‍ 2,50,000 സ്വര്‍ണനാണയങ്ങളാണ് കഴിഞ്ഞ 10 മാസത്തിനിടെ, സഹായികള്‍ വഴി ശേഖരിച്ചതെന്ന് തെഹ്്‌റാന്‍ പോലീസ് മേധാവി ജന. ഹുസൈന്‍ റഹീമി പറഞ്ഞു. നാണയങ്ങളുടെ സുല്‍ത്താനെന്നാണ് പോലീസ് മേധാവി ഇയാളെ വിശേഷിപ്പിച്ചത്.
ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്‍വാങ്ങുമെന്നും പുതിയ ഉപരോധങ്ങള്‍ ഏര്‍പെടുത്തുമെന്നും കഴിഞ്ഞ മേയില്‍ അമേരിക്ക പ്രഖ്യാപിച്ച ശേഷം ഇറാനികള്‍ സ്വര്‍ണ നാണയങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. രാജ്യത്തെ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു തുടങ്ങിയതിനെ തുടര്‍ന്നണിത്.
2017 അവസാനം 43,000 റിയാലായിരുന്ന ഒരു യു.എസ് ഡോളറിന്റെ വില അനൗദ്യോഗിക വിദേശ വിനിമയ എക്‌സ്‌ചേഞ്ചില്‍ 81,000 റിയാലായി വര്‍ധിച്ചിരിക്കയാണ്. റിയാലിന്റെ തകര്‍ച്ചയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് രണ്ടാഴ്ച മുമ്പ് തെഹ്്‌റാന്‍ ഗ്രാന്‍ഡ് ബസാറിലെ വ്യാപാരികള്‍ കടകളച്ചിട്ടിരുന്നു. സാമ്പത്തിക രംഗത്തെ കുഴപ്പങ്ങള്‍ കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും പ്രവിശ്യകളിലെ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കാരണമായിരുന്നു.