ഇംഫാല്‍ - മണിപ്പൂരില്‍ വീണ്ടും ഇരുഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ വെടിവെപ്പ് നടക്കുകയും ചെയ്തു. മണിപ്പൂരിലെ നാഗാ വിഭാഗം എം എല്‍ എമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പോലീസും സൈന്യവും കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
മണിപ്പൂരിലെ പ്രമുഖ സമുദായമായ മെയ്‌തെയ് വിഭാഗത്തിന്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കഴിഞ്ഞ ഒരു മാസമായി സംഘര്‍ഷം നടക്കുന്നത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുത്താനുള്ള ആവശ്യത്തെ ഹൈക്കോടതി പിന്തുണച്ചു. അതിനായുള്ള നടപടികളെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയു ചെയ്തു. ഇതോടെ പ്രതിഷേധവുമായി നാഗ, കുക്കി വിഭാഗങ്ങള്‍ എത്തുകയായിരുന്നു.