യുവാവിനെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു; ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കൊച്ചി- യുവാവിനെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അടക്കം രണ്ടു പേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടി. എറണാകുളം, കോതാട് മരോട്ടി പറമ്പില്‍ ഹൗസ് അനു ശ്രീനിവാസ് (31), ട്രാന്‍സ്‌ജെന്‍ഡര്‍ കായംകുളം പുതുപ്പള്ളി ആര്‍ വി നിവാസില്‍ അനുശ്രീ (36) എന്നിവരാണ് പിടിയിലായത്. 

ജൂണ്‍ മൂന്നിന് രാത്രി എട്ട് മണിയോടെ എറണാകുളം കലാഭവന്‍ റോഡിലെ റെയില്‍വേ ക്രോസിന് സമീപം മലപ്പുറം സ്വദേശിയായ യുവാവിനെ ഏഴോളം പേര്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ച് അവശനാക്കി മൊബൈല്‍ ഫോണും 7000 രൂപയും കവരുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ അഖില്‍ കെ. പി, സബ് ഇന്‍സ്പെക്ടര്‍മാരായ ഷാഹിന, അനൂപ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ് ഇഗ്‌നേഷ്യസ്, വിനോദ്, ശിഹാബ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Latest News