ക്യൂപര്‍ട്ടിനോ- സ്വന്തം പ്രോസസര്‍ ചിപ് ഉപയോഗിച്ച് പുതുക്കിയ ഡെസ്‌ക് ടോപ്പുകളും മാക് ലാപ്‌ടോപ്പുകളും പ്രഖ്യാപിച്ച് ആപ്പിള്‍. ആപ്പിള്‍ രൂപം നല്‍കിയ എം2 പ്രോസസര്‍ ചിപ് ഉപയോഗിച്ചിരിക്കുന്ന 15 ഇഞ്ച് മാക്ബുക്ക് എയര്‍ പുറത്തിറക്കിയിട്ടുണ്ട്. ആറ് സ്പീക്കറുകളുമായുള്ള ഇതിന്റെ വില 1299 ഡോളറിലാണ് തുടങ്ങുന്നത്. അടുത്തയാഴ്ച വിപണിയിലെത്തും. 13 ഇഞ്ച് മാക് പ്രോയുടെ വില 1099 ഡോളറായി കുറക്കുന്നുമുണ്ട്.
കാലിഫോര്‍ണിയയിലുള്ള ക്യൂപര്‍ടിനോ ആസ്ഥാനത്താണ് ആപ്പിള്‍ പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും പ്രഖ്യാപിച്ചത്.
പുതിയ എം2 അള്‍ട്രാ ചിപ് ഉപയോഗിച്ചാണ് ആപ്പിളിന്റെ മാക് സ്റ്റുഡിയോ ഡെസ്‌ക് ടോപ്പ് മെഷീന്‍ ഉയര്‍ത്തിയിരിക്കുന്നത്. പരമ്പരാഗത ചിപുകള്‍ക്ക് വേണ്ടത്ര മെമ്മറി ഇല്ലാത്തതിനാലാണ് ആര്‍ടിഫിഷ്യല്‍ ഇന്റലജിന്‍സ് ജോലികള്‍ എളുപ്പം നിര്‍വഹിക്കാന്‍ ശേഷിയുള്ള പുതിയ ചിപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കമ്പനിയുടെ മികച്ച ഡെസ്‌ക് ടോപ്പായി അറിയിപ്പെടുന്ന മാക് പ്രോയുടെ പുതിയ പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്. എം2 ചിപ്പ് ഉപയോഗിച്ചിരിക്കുന്ന ഇതിന്റെ തുടക്ക വില 6999 ഡോളറാണ്. പേഴ്‌സണല്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ മാക്കിലേക്ക് മാറേണ്ട ഏറ്റവും അനുയോജ്യ സമയമാണിതെന്ന് ആപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ടെര്‍ണസ് പറഞ്ഞു.
സ്വന്തം ചിപ് ഉപയോഗിച്ചു തുടങ്ങിയ 2020 മുതല്‍ ആപ്പിളിന്റെ മാക് ലാപ്‌ടോപ്പുകള്‍ വിപണിയില്‍ സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, അവസന പാദത്തില്‍ മറ്റു പി.സികളോടൊപ്പം ആപ്പിളിനും വില്‍പന കുറഞ്ഞു.