സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡിപ്പിച്ചു; യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

അരൂര്‍- യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍ പുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍(33) ആണ് മരിച്ചത്. ഭര്‍ത്താവ് കെ.എസ്. ഉണ്ണിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.  ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഭര്‍ത്താവിന്റെ വീടായ അരൂര്‍ പള്ളിയറക്കാവ് അമ്പലത്തിന് കിഴക്ക് കാക്കപ്പറമ്പില്‍ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് യുവതി ജീവനൊടുക്കിയത്. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭര്‍ത്താവ് അറസ്റ്റിലായത്.
2011ലായിരുന്നു ഇവരുടെ വിവാഹം. അന്ന് മുതല്‍ സൗന്ദര്യം പോര എന്ന് പറഞ്ഞ് നീതുവിനെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തതിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ അപ്പോഴൊക്കെ വഴക്ക് രമ്യമായി പറഞ്ഞ് തീര്‍ത്ത് നീതുവിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയാണ് പ്രതി ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം നല്‍കാതെയും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുവാനുള്ള സാമഗ്രികള്‍ വാങ്ങി നല്‍കാതെയും ഉണ്ണി നീതുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പറയുന്നു.
മക്കള്‍: അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ.

 

Latest News