സമസ്തയിലെ പ്രശ്നങ്ങളില്‍ ലീഗ് ഇടപെടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് എസ്.ഡി.പി.ഐ

മലപ്പുറം-സമസ്തയിലുണ്ടായ പ്രശ്്‌നങ്ങളില്‍ മുസ്്‌ലിം ലീഗ് ഇടപെടുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മുവ്വാറ്റുപുഴ അഷറഫ് മൗലവി ചൂണ്ടിക്കാട്ടി. മലപ്പുറം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഫി-വാഫിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സമസ്തയിലുണ്ടായ പ്രശ്്‌നങ്ങള്‍ തീര്‍ക്കാന്‍ മുസ്്‌ലിം ലീഗ് ഇടപെട്ടത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്.സമസ്തയുടെ പ്രശ്്‌നത്തില്‍ ഇടപെട്ട് അവരെ വരുതിയിലാക്കാനാണ് മുസ്്‌ലിം ലീഗ് ശ്രമിക്കുന്നത്.രാഷ്ട്രീയ സങ്കുചിതത്വം മുസ്്‌ലിം ലീഗ് അവസാനിപ്പിക്കണം.1989 ല്‍ സമസ്തയിലൂണ്ടായ പിളര്‍പ്പിലും മുസ്്‌ലിംലീഗിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.അതേ രീതിയിലുള്ള രാഷ്ട്രീയ ഇടപെടലുകളാണ് ലീഗ് ഇപ്പോഴും സമസ്തയില്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും അഷറഫ് മൗലവി ആരോപിച്ചു.മതസംഘടനകളുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. മല്‍സരിച്ചത് ബി.ജെ.പിക്ക് സഹായകമായെന്ന മുസ്്‌ലിം ലീഗിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണ്.ബി.ജെ.പിയെ സഹായിക്കുന്ന ഒരു നിലപാടും എസ്.ഡി.പി.ഐ സ്വീകരിച്ചിട്ടില്ല.എസ്.ഡി.പി.ഐയുടെ വളര്‍ച്ചയിലുള്ള അസ്വസ്ഥതയാണ് ലീഗ് നേതാക്കളെ ഇത്തരം പ്രസ്താവനകള്‍ക്ക് പ്രേരിപ്പിക്കുന്നത്.കര്‍ണാടകയില്‍ എസ്.ഡി.പി.ഐയുടെ വോട്ടുശതമാനം വര്‍ധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത പാര്‍ലമെന്റ്  തെരഞ്ഞെടുപ്പില്‍ സാധ്യമായ മണ്ഡലങ്ങളിലെല്ലാം എസ്.ഡി.പി.ഐ മല്‍സരിക്കും.പാര്‍ട്ടി മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ത്രാണിയില്ലാത്തതുകൊണ്ടാണ് പ്രധാന മുന്നണികള്‍ ഞങ്ങളെ ഒപ്പം നിര്‍ത്താത്തത്. അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടക്കുന്ന നിയമനടപടികളില്‍ എസ്.ഡി.പി.ഐ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ല.പോപ്പുലര്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി.എച്ച് അഷ്‌റഫ് സംബന്ധിച്ചു.

 

Latest News