Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൺസൂൺ ആഗമനം; റബർ വിപണിയിൽ ചാഞ്ചാട്ടം

കാലവർഷത്തിന്റെ വരവ് മുന്നിൽ കണ്ട് ടയർ ലോബി റബർ വിപണിയെ പിടിച്ചുലച്ചു. പരിഭ്രാന്തരായ ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ ചരക്ക് വിറ്റു. സുഗന്ധവ്യഞ്ജന സംഭരണം കുറച്ച് ഉൽപാദകന്റെ പൾസ് അറിയാൻ ഉത്തരേന്ത്യൻ വ്യവസായികൾ ശ്രമം നടത്തി. ഭക്ഷ്യയെണ്ണകളുടെ വില കുറക്കണമെന്ന കേന്ദ്ര തീരുമാനം നാളികേര കർഷകർക്ക് പുതിയ പ്രഹരമാവും. 
മൺസൂൺ രാജ്യത്ത് പ്രവേശിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ അവസരമാക്കി മാറ്റുകയാണ് വ്യവസായികൾ. പല ഭാഗങ്ങളിലും മഴ അനുഭവപ്പെട്ടതും പകൽ താപനിലയിലുണ്ടായ മാറ്റവും മൺസൂണിന്റെ വരവറിയിച്ചതോടെ റബറിന് ക്വട്ടേഷൻ നിരക്ക് താഴ്ത്തി ടയർ കമ്പനികൾ ഓഫർ ഇറക്കി. ന്യൂനമർദഫലമായി ശ്രീലങ്കൻ ഭാഗത്ത് രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ ഭാഗമായുള്ള മഴയാണ് ഇപ്പോൾ സംസ്ഥാനത്ത് ലഭ്യമാവുന്നത്. അതേസമയം മൺസൂൺ മേഘങ്ങൾ ആൻഡമാൻ, നിക്കോബാർ ദ്വീപ് സമൂഹവും കടന്ന് ലക്ഷദ്വീപിലേക്ക് പ്രവേശിച്ചു. കാലാവസ്ഥ മാറ്റങ്ങൾക്കിടയിൽ ഒരു വിഭാഗം ചെറുകിട റബർ കർഷകർ റബർ മരങ്ങളിൽ റെയിൻ ഗാർഡുകൾ ഇട്ടുതുടങ്ങി. അടുത്ത വാരത്തോടെ ഇത് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പലരും. ഒരു പരിധി വരെ മഴക്ക് ഇടയിൽ റബർ ടാപിങ് അവസരം ഒരുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഉൽപാദകർ. 
അതേസമയം ഒട്ടുമിക്ക വൻകിട തോട്ടങ്ങളും നിശ്ചലമാണ്. താഴ്ന്ന ഷീറ്റ് വിലയും ഉയർന്ന കാർഷിക ചെലവുകളും തോട്ടങ്ങളെ റെയിൻ ഗാർഡിൽ നിന്നും പിൻതിരിപ്പിക്കുന്നു. പല തോട്ടങ്ങളും വളപ്രയോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ കേരളത്തിൽ റബർ ഉൽപാദനം കുറയാം. എന്നാൽ വടക്ക്കഴിക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. 
ഓഫ് സീസണിലെ വിലക്കയറ്റം സ്വപ്നം കണ്ട കേരളത്തിലെ റബർ ഉൽപാദകരെ മൊത്തതിൽ നിരാശയിലാക്കി ടയർ ലോബി റബർ വില ചുരുങ്ങിയ ദിവസങ്ങളിൽ ക്വിന്റലിന് 500 രൂപ ഇടിച്ചു. ആഭ്യന്തര റബർ ഉൽപാദനം പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർച്ചയിലെത്തിയ വിവരം നിരക്ക് ഇടിക്കാൻ ടയർ ലോബിയെ പ്രേരിപ്പിച്ചു. പിന്നിട്ട വർഷം റബർ ഉൽപാദനം 8.39 ലക്ഷം ടണ്ണിൽ എത്തിയെന്നാണ് വിലയിരുത്തൽ. വിപണി വില ഇടിക്കാൻ തക്കം പാർത്തു നിന്ന ടയർ ലോബിക്ക് ലഭിച്ച കച്ചിത്തുരുമ്പ് നേട്ടമാക്കി അവർ നാലാം ഗ്രേഡ് ഷീറ്റ് വില 15,600 ലേക്ക് താഴ്ത്തി. അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 14,700-15,300 രൂപയായി. 
അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളക് കർഷകന്റെ പൾസ് അറിയാനുള്ള ശ്രമത്തിലാണ്. ഉൽപന്നം ഓഫ് സീസണിലെ വിലക്കയറ്റത്തിന് ഒരുങ്ങിയ തക്കത്തിന് രംഗത്ത് നിന്നും അകന്ന് സ്റ്റോക്കിസ്റ്റുകളെയും കർഷകരെയും സമ്മർദത്തിലാക്കാനാവുമേയെന്ന പരീക്ഷണത്തിലാണ് വാങ്ങലുകാർ. അനവസരത്തിലെ വാങ്ങലുകാരുടെ പിൻമാറ്റം മൂലം നിരക്ക് അൽപം കുറഞ്ഞു. എന്നാൽ ഉദ്ദേശിച്ച രീതിയിൽ മുളക് വിൽപനക്ക് എത്തിയില്ല. ഗാർബിൾഡ് കുരുമുളക് 51,200 രൂപയിൽ നിന്നും 50,800 രൂപയായി. 
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6300 ഡോളറാണ്. ബ്രസീൽ 3700 ഡോളറിനും വിയറ്റ്‌നാം ടണ്ണിന് 3800 ഡോളറിനും ഇന്തോനേഷ്യ 3900 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്കൻ കയറ്റുമതിക്കാർ ഇന്ത്യക്ക് 5100 ഡോളറിന് കുരുമുളക് വിൽപനക്കുള്ള ശ്രമത്തിലാണ്. 
ശരാശരി ഇനം ഏലക്ക ആയിരം രൂപയിലെ നിർണായക താങ്ങ് നിലനിർത്താൻ ക്ലേശിച്ചു. ഇടപാടുകാർ ലേലത്തിൽ സജീവമായിരുന്നെങ്കിലും നിരക്ക് പരമാവധി ഇടിക്കാൻ അവർ സംഘടിത ശ്രമം നടത്തിയത് ഒരു പരിധി വരെ വിജയിച്ചു. കിലോ 950 റേഞ്ചിലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം അൽപം ഉയർന്നു.   
ഭക്ഷ്യയെണ്ണ വില കുറക്കണമെന്ന കേന്ദ്ര തീരുമാനം എണ്ണക്കുരു കർഷകരെ പ്രതിസന്ധിയിലാക്കും. രാജ്യാന്തര വില ഇടിഞ്ഞതിനാൽ കിലോ എട്ട് മുതൽ പന്ത്രണ്ട് രൂപ വരെ അടിയന്തരമായി കുറക്കാനാണ് പാക്കറ്റ് നിർമാതാക്കളോട് ആവശ്യപ്പെട്ടത്. കൊച്ചിയിൽ വെളിച്ചെണ്ണ 12,600 രൂപയിലും കൊപ്ര 8050 രൂപയിലുമാണ്. കാങ്കയത്ത് കൊപ്ര 7600 വരെ ഇടിഞ്ഞു. 
ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില താഴ്ന്നു. രണ്ടാഴ്ചക്കിടയിൽ പവന് 800 രൂപ കുറഞ്ഞു. പിന്നിട്ട വാരം പവൻ 44,440 ൽ നിന്നും 44,240 രൂപയായി. ഒരു ഗ്രാമിന് വില 5555 രൂപയിൽ 5530 രൂപയായി.  

Latest News