ഇന്ത്യൻ മാർക്കറ്റ് വ്യക്തമായ ബുൾ റാലിക്കുള്ള ഒരുക്കത്തിലാണ്. മൺസൂൺ മഴ മേഘങ്ങൾ കേരള തീരം തേടിയെത്തി, കുതിച്ചു കയറിയ പണപ്പെരുപ്പം കൈപ്പിടിയിൽ ഒതുക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ധനമന്ത്രാലയം. ബാങ്കിംഗ് രംഗത്ത് കൂടുതൽ ഇളവുകൾക്ക് നടപ്പ് സാമ്പത്തിക വർഷം സാക്ഷ്യം വഹിക്കാം. അടുത്ത വായ്പ അവലോകനത്തിൽ പലിശ നിരക്കിൽ ഇളവിന് ഇടയില്ലെങ്കിലും ഓഗസ്റ്റിൽ റിപ്പോ, റിവേഴ്‌സ് നിരക്കിൽ ഇളവുകൾക്ക് സാധ്യത. സാമ്പത്തിക വ്യവസായിക മേഖലകളിലെ ഉണർവും വിദേശ നിക്ഷേപകരുടെ ശക്തമായ പിൻതുണയും കണക്കിലെടുത്താൽ നിഫ്റ്റി സൂചിക ഈ വർഷം 20,000 പോയന്റിനെ വാരിപ്പുണരാം.
വിദേശ ക്രൂഡ് ഓയിൽ താഴ്ന്ന വിലയ്ക്ക് ലഭ്യമായത് രൂപയുടെ മാറ്റ് വർധിപ്പിച്ചു. അതേസമയം ആഭ്യന്തര മാർക്കറ്റിൽ എണ്ണ വിലയിൽ കുറവ് വരുത്താതെ വിൽപന നടത്തിയതിലൂടെ നികുതി ഇനത്തിൽ ഇരട്ടി ലാഭവും കൊയ്തു. പെട്രോളിയം കയറ്റുമതി വരുമാനവും സമ്പദ്ഘനടക്ക് കരുത്തായി. വിദേശ ഫണ്ടുകൾ ഇന്ത്യയിലെ നിക്ഷേപ താൽപര്യം ഉയർത്തുന്നത് കണക്കിലെടുത്താൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഓഹരി ഇൻഡക്‌സുകളിലും ഓഹരി വിലകളിലും കുതിപ്പ് പ്രടകമാവും. ഏപ്രിലിൽ 43,838 കോടി രൂപ അവർ നിക്ഷേപിച്ചു. ചൈനീസ് മാർക്കറ്റിൽ നിന്നും പണം പിൻവലിച്ച അവർ ഇന്ത്യയിൽ ഇറക്കാതെ ടോക്കിയോയിൽ നിക്ഷേപിക്കാൻ ഉത്സാഹിച്ചു. ഹിഡൻബർഗ് അദാനിക്ക് നേരെ തൊടുത്ത അസ്ത്രം ഒരു പരിധി വരെ വിദേശ ഓപറേറ്റർമാരെ മാർച്ച്, ഏപ്രിലിൽ ഇന്ത്യയിൽ നിന്നും അകറ്റി.
പുതിയ ജി ഡി പി കണക്കുകൾ സമ്പദ്‌വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നതിനാൽ ഈ മാസവും വിദേശ നിക്ഷേപം ഉയരാം. മൺസൂൺ നിക്ഷേപകരെ ആവേശം കൊള്ളിച്ചാൽ ഗ്രാമീണ, കാർഷിക സംബന്ധമായ ഓഹരികൾ മുന്നേറും. എൽ നിനോ പ്രതിഭാസം കാലവർഷത്തിന്റെ രണ്ടാം പകുതിയെ ദുർബലമാക്കാം. അങ്ങനെ വന്നാൽ നിലവിലെ ബുൾ റാലി ഓഗസ്റ്റിന് ശേഷം അൽപം മങ്ങിയാലും ദീപാവലിയോട് അനുബന്ധിച്ച് വിപണി വീണ്ടും കത്തിക്കയറാം. നിഫ്റ്റി 18,499 ൽ നിന്നും മികവോടെയാണ് ട്രേഡിങിന് തുടങ്ങിയത്. ഒരവസരത്തിൽ സൂചിക 18,604 ലെ പ്രതിരോധം തകർത്ത് 18,662 വരെ കയറിയതിനിടയിൽ ഓപറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചത് മൂലം വാരാന്ത്യം 18,534 ലേക്ക് താഴ്ന്നു. ഈ വാരം 18,642 ൽ പ്രതിരോധം നേരിടാം, ഇതിൽ കാലിടറിയാൽ 18,445 ലേക്കും തുടർന്ന് വിപണിയുടെ 21 ഡേ മുവിങ് ആവറേജായ 18,356 ലേക്കും തിരുത്തലിന് ശ്രമിച്ചാൽ ഈ റേഞ്ചിൽ പുതിയ ബയ്യർമാർ രംഗത്ത് ഇറങ്ങാം. അതേസമയം 18,642 ൽ പ്രതിരോധം തകർത്താൽ നിഫ്റ്റി 18,750 ലേക്കും മാസത്തിന്റെ രണ്ടാം പകുതിയിൽ ബുൾ റാലിയിൽ 18,947 പോയന്റിനെയും ഉറ്റുനോക്കാം.
സെൻസെക്‌സ് 62,501 ൽ നിന്നും 63,036 പോയന്റ് വരെ ഉയർന്ന ശേഷം വാരാന്ത്യം 178 പോയന്റ് മികവിൽ 62,547 ലാണ്. 62,261 ലെ ആദ്യ താങ്ങ് ഇന്ന് തുടക്കത്തിൽ നിലനിർത്താനായാൽ 62,934 - 63,321 ലേക്ക് വാരത്തിന്റെ രണ്ടാം പകുതിയിൽ സൂചിക ചുവടുവെക്കും. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 61,975 വരെ തിരുത്തലിന് സാധ്യത.
രൂപയുടെ മൂല്യം 82.56 ൽ നിന്നും മുൻവാരം സൂചിപ്പിച്ച 82.87 ലേക്ക് ദുർബലമായ ശേഷം വെളളിയാഴ്ച 82.27 ലേക്ക് കരുത്ത് നേടി.
എന്നാൽ മാർക്കറ്റ് ക്ലോസിങിൽ വിനിമയ നിരക്ക് 82.33 ലാണ്. ഈ വാരം രൂപ വീണ്ടും കരുത്തിന് ശ്രമിച്ചാൽ 82.20-82.10 തടസ്സം നേരിടാം. വിദേശ ഫണ്ടുകൾ പിന്നിട്ട വാരം 6519 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ആഭ്യന്തര ഫണ്ടുകൾ 1043 കോടി രൂപയുടെ വിൽപന നടത്തി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1946 ഡോളറിൽ നിന്നും 1984 ലേക്ക് കയറിയെങ്കിലും വാരാന്ത്യം പഴയ നിരക്കായ 1946 ഡോളറിലാണ്. യു.എസ് ഫെഡ് റിസർവ് നീക്കങ്ങളെ നിരീക്ഷിക്കുകയാണ് ഓപറേറ്റർമാർ.